അതേ സമയം ടീസറിലെ ചില വരികള്‍ വിവാദമായിരിക്കുകയാണ്.  ഭഗത് സിംഗ്, ഖുദിറാം ബോസ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സവർക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടന്നാണ് ടീസറിലെ ഒരു വാദം. 

കൊല്‍ക്കത്ത: ബോളിവുഡ് താരം രണ്‍ദീപ് ഹൂദ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. പേര് സൂചിപ്പിക്കുന്നത് പോലെ വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രമാണിത്. സവര്‍ക്കറുടെ വേഷത്തില്‍ അഭിനയിക്കുന്നതും രണ്‍ദീപ് തന്നെ. ചിത്രത്തിന്‍റെ ടീസര്‍ സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ അണിയറക്കാര്‍ പുറത്തിറക്കി. ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ടീസര്‍.

അതേ സമയം ടീസറിലെ ചില വരികള്‍ വിവാദമായിരിക്കുകയാണ്. ഭഗത് സിംഗ്, ഖുദിറാം ബോസ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സവർക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടന്നാണ് ടീസറിലെ ഒരു വാദം. രണ്‍ദീപ് ഹൂദ ടീസര്‍ പങ്കുവച്ച് ഈകാര്യം ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ നേതാജി സവര്‍ക്കറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുവെന്ന അവകാശവാദത്തെ ശക്തമായി അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍റെ മകനായ ചന്ദ്രകുമാർ ബോസ് രണ്‍ദീപ് ഹൂദയുടെ വാദത്തെ ശക്തമായി അപലപിച്ച് രംഗത്ത് എത്തി. രൺദീപ് ഹൂദ നടത്തിയ അവകാശവാദം ചിത്രത്തിന്‍റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

"നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രചോദിപ്പിച്ചത് രണ്ട് മഹാരഥന്മാരാണ്. ഒരാൾ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ സ്വാമി വിവേകാനന്ദനാണ്, രണ്ടാമത്തെ വ്യക്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായ സ്വാതന്ത്ര്യ സമര സേനാനി ദേശ്ബന്ധു ചിത്രഞ്ജൻ ദാസ് ആയിരുന്നു. ഈ രണ്ടുപേരെക്കൂടാതെ നേതാജി സുഭാഷ് ചന്ദ്രബോസിനെ മറ്റ് ഏതെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കരുതുന്നില്ല.

സവർക്കർ ഒരു മഹത്തായ വ്യക്തിത്വവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു, എന്നാൽ സവർക്കറുടെ പ്രത്യയശാസ്ത്രവും നേതാജിയുടെ പ്രത്യയശാസ്ത്രവും തികച്ചും വിപരീതമായിരുന്നു, അതിനാൽ, നേതാജി സവർക്കറിനെ ഒരിക്കലും മാതൃകയാക്കില്ല. നേതാജിയുടെ തത്വങ്ങളും പ്രത്യയശാസ്ത്രവും യഥാർത്ഥത്തിൽ സവർക്കറിനെ എതിര്‍ക്കുന്നതായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിക്കെതിരായ പോരാട്ടത്തില്‍ സവർക്കറിൽ നിന്നും മുഹമ്മദലി ജിന്നയിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനാവില്ലെന്ന് നേതാജി തന്‍റെ രചനയിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദു മഹാസഭയിൽ നിന്നും മുഹമ്മദലി ജിന്നയിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി വളരെ മതേതര നേതാവായിരുന്നു. 

വർഗീയത പുലർത്തുന്നവരെ അദ്ദേഹം എതിർത്തു.ശരദ് ചന്ദ്രബോസും നേതാജി സുഭാഷ് ചന്ദ്രബോസും രണ്ട് സഹോദരന്മാരും വർഗീയതയെ പൂർണ്ണമായും എതിർത്തിരുന്നു . അപ്പോൾ നേതാജി സവർക്കറെ പിന്തുടരുകയോ പിന്തുണയ്ക്കുകയോ ചെയ്യുമെന്ന് നിങ്ങൾ എങ്ങനെ പറയും? സെല്ലുലാർ ജയിലിൽ പോകുന്നതിന് മുമ്പ് സവർക്കർ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം അദ്ദേഹം ആഗ്രഹിച്ചു, പക്ഷേ പിന്നീട് അദ്ദേഹം ഈ നിലപാട് മാറ്റി" - ചന്ദ്രകുമാർ ബോസ് പറഞ്ഞു.

അതേ സമയം സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രം ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂദ, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, രാഹുല്‍ വി ദുബെ, അന്‍വര്‍ അലി, പാഞ്ചാലി ചക്രവര്‍ത്തി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രചന ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂദ, ഛായാഗ്രഹണം അര്‍വിന്ദ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന്‍ ലൊവലേക്കര്‍, കാസ്റ്റിംഗ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈന്‍ രേണുക പിള്ള, പബ്ലിസിറ്റി പറുള്‍ ഗൊസെയ്ന്‍, വിഎഫ്എക്സ് വൈറ്റ് ആപ്പിള്‍ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റുഡിയോ ഉനൂസ്.

സവര്‍ക്കറുടെ റോളില്‍ രണ്‍ദീപ് ഹൂദ; 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ടീസര്‍

വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള ചലച്ചിത്രം ?: രാം ചരണ്‍ നായകനായ ദ ഇന്ത്യ ഹൗസ് പ്രഖ്യാപിച്ചു