ലോകമാകെ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യം തങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനെ നേരിടാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ഓഹരിയുടമകള്‍ക്കായി പുറത്തുവിട്ട കത്തില്‍ നെറ്റ്ഫ്ളിക്സ് വിശദീകരിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സിനിമയും ടെലിവിഷന്‍ ചാനലുകളുമുള്‍പ്പെടെ ലോകത്തെ വിനോദ വ്യവസായം മൊത്തത്തില്‍ തകര്‍ച്ചയെ ഉറ്റുനോക്കുകയാണ്. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരം എന്നതുപോലെ ലോക്ക് ഡൗണ്‍ മെച്ചമുണ്ടാക്കിയ ഒരു വിനോദ വ്യവസായ മേഖലയുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളാണ് അവ. ലോകമാകെ വീടുകളില്‍ കഴിയുന്ന മനുഷ്യര്‍ വിനോദത്തിനായി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയതോടെ ആ കമ്പനികളുടെ വരുമാനത്തിലും വന്‍ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 

ഈ രംഗത്തെ ഒന്നാം സ്ഥാനക്കാരായ നെറ്റ്ഫ്ളിക്സ് ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ വരുമാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലായി നെറ്റ്ഫ്ളിക്സ് ആകെ നേടിയ വരുമാനം 5.77 ബില്യണ്‍ ഡോളറാണ്. അതായത് 44,029 കോടി രൂപ! ഈ മൂന്ന് മാസങ്ങളില്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിലും നെറ്റ്ഫ്ളിക്സ് വര്‍ധന രേഖപ്പെടുത്തി. 1.58 കോടി പുതിയ സബ്സ്ക്രൈബേഴ്‍സിനെയാണ് നെറ്റ്ഫ്ളിക്സ് ഈ കാലയളവില്‍ നേടിയെടുത്തത്. നിലവില്‍ നെറ്റ്ഫ്ളിക്സിന് ആകെയുള്ള ഉപയോക്താക്കള്‍ 18.2 കോടിയാണ്.

View post on Instagram

ലോകമാകെ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യം തങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനെ നേരിടാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ഓഹരിയുടമകള്‍ക്കായി പുറത്തുവിട്ട കത്തില്‍ നെറ്റ്ഫ്ളിക്സ് വിശദീകരിക്കുന്നു. "പൂര്‍ത്തിയായതും പോസ്റ്റ് പ്രൊഡക്ഷനിലുള്ളതുമായ നിരവധി ഉള്ളടക്കങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അതിനാല്‍ത്തന്നെ ഈ വര്‍ഷവും അടുത്ത വര്‍ഷവും വൈവിധ്യമുള്ള കണ്ടന്‍റ് പ്രേക്ഷകരില്‍ എത്തിക്കാനാവുമെന്നുതന്നെയാണ് പ്രതീക്ഷ", കത്തില്‍ പറയുന്നു.