ദില്ലി: വിവാദമായി നെറ്റ്ഫ്ലിക്സ് ചിത്രമായ കൃഷ്ണ ആന്‍ഡ് ഹിസ് ലീല. മതവികാരങ്ങളെ മുറിപ്പെടുത്തിയെന്ന ആരോപണവുമായി നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാനുള്ള വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. തെലുഗ് ഭാഷയില്‍ നിരവധി സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നായകനെക്കുറിച്ച്  നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ചാണ് വിമര്‍ശനം. 

കഥാനായകന് കൃഷ്ണ എന്ന പേരും നായികമാരില്‍ ഒരാളുടെ പേര് രാധ എന്നായതോടെയാണ് മതവികാരങ്ങളെ ചിത്രം വൃണപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായത്. #BoycottNetflix എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ വ്യാപക പ്രചാരണം നടക്കുന്നത്. അശ്ലീലകരമായ ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്യാന്‍ മടിക്കുന്നില്ലെന്നാണ് വിമര്‍ശകരുടെ ആരോപണം. ചില വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും ആക്ഷേപിക്കുന്ന രീതിയിലുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ  നെറ്റ്ഫ്ലിക്സിലെ പല സീരീസുകളും ചിത്രങ്ങളുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ലൈല, സേക്രട്ട് ഗെയിംസ്, ഗോള്‍, ദില്ലി ക്രൈം, പാതാള്‍ ലോക് എന്നീ സീരിസുകളില്‍ ചില വിഭാഗങ്ങള്‍ക്കെതിരായ വികാരം പരത്തുന്നുവെന്നും രൂക്ഷമായ വിമര്‍ശനമാണ് ട്വിറ്ററില്‍ നടക്കുന്നത്. ജൂണ്‍ 25നാണ് കൃഷ്ണ ആന്‍ഡ് ഹിസ് ലീല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. രവികാന്ത് പെരേപുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. എന്നാല്‍ നെറ്റ്ഫ്ലിക്സ് ബഹിഷ്കരിച്ചാലും ടെലഗ്രാമുണ്ട് എന്ന് മറ്റൊരുവിഭാഗം ട്വിറ്ററിലെ പോരില്‍ വിശദമാക്കുന്നത്.