വൻ വിജയമായ 'കാന്താര'യുടെ പ്രീക്വൽ, 'കാന്താര ചാപ്റ്റർ 1', ഒക്ടോബർ 2-ന് റിലീസ് ചെയ്യും. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സിനിമയിൽ ജയറാം, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
തെന്നിന്ത്യൻ സിനിമയുടെ വിസ്മയമാവാൻ 'കാന്താര ചാപ്റ്റർ 1' ഒരുങ്ങി കഴിഞ്ഞു. ഒക്ടോബർ 2 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രീക്വൽ ആയി ചിത്രമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം ചിത്രത്തെ നോക്കികാണുന്നത്. ഇപ്പോഴിതാ സിനിമയിലെത്തും മുൻപുള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഋഷഭ് ഷെട്ടി. മുംബൈയിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ താൻ ഓഫീസ് ബോയ് ആയി പ്രവൃത്തിച്ചിട്ടുണ്ടെന്നും ഒരു സിനിമ ചെയ്തതു കൊണ്ട് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും ഋഷഭ് ഷെട്ടി പറയുന്നു.
"മുംബൈ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം 2008 ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഞാൻ ഓഫീസ് ബോയും ഒരു നിർമാതാവിൻ്റെ ഡ്രൈവറുമായിരുന്നു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാം, ഒരു സിനിമ ചെയ്തതു കൊണ്ട് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സിനിമാ പ്രൊഡക്ഷൻ ഹൗസിന്റെ അടുത്തുള്ള റോഡിൽ നിന്ന് വടാ പാവ് കഴിക്കുമ്പോൾ ഇവിടെ വരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഞാൻ ഒരുപാട് നന്ദിയുള്ളവനാണ്." കാന്താരയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.
കാന്താര നാളെ മുതൽ തിയേറ്ററുകളിലേക്ക്
ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആദ്യ ദിനം തന്നെ വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്.കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ. കുന്ദാപൂരിൽ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുന്നതും വിശദമായ വാസ്തുവിദ്യയും ജീവിത സമ്മാനമായി ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റും ട്രെയിലറിൽ ദൃശ്യമാണ്. ദൃശ്യാവിഷ്കരണവും,സംഗീതവും, ഗംഭീര പ്രകടനങ്ങളും കൊണ്ട് ചിത്രം പ്രേക്ഷക മനം കവരുമെന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്.
കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്.മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം ഒക്ടോബർ 2 ന് തിയേറ്ററിൽ എത്തുന്നത്. ആ ഗർജ്ജനം വീണ്ടും എത്തുബോൾ അത് വെറും പ്രകാശമാവില്ല... കണ്ണുകൾക്ക് ശോഭയേക്കുന്ന ദര്‍ശനം തന്നെയാകും.



