രാജേഷ് ഭുയൻ സംവിധാനം ചെയ്ത 'റോയി റോയി ബിനാലെ' എന്ന ചിത്രം അസമീസ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്

സിനിമകളുടെ വിജയത്തിന് പിന്നിലുള്ള രസതന്ത്രം എന്തെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ എപ്പോഴും ആലോചിക്കാറുള്ള ഒന്നാണ്. എന്നാല്‍ അത്തരത്തില്‍ അവര്‍ എത്തിച്ചേരുന്ന നിഗമനങ്ങളില്‍ നിന്ന് കിട്ടുന്ന ഫോര്‍മുലകളും പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. അതേസമയം ഒരു ചിത്രം വന്‍ വിജയം നേടാനുള്ള കാരണം പലപ്പോഴും പരിശോധിച്ച് മനസിലാക്കാന്‍ സാധിക്കും. ഇപ്പോഴിതാ ജോളിവുഡ് എന്ന് വിളിക്കുന്ന അസമീസ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ഒരു സിനിമ സ്വന്തമാക്കിയിരിക്കുകയാണ്. അതും വെറും 10 ദിവസം കൊണ്ട്.

രാജേഷ് ഭുയന്‍ സംവിധാനം ചെയ്ത റോയി റോയി ബിനാലെ എന്ന ചിത്രമാണ് അസമീസ് സിനിമയിലെ ഇന്‍ഡസ്ട്രി ഹിറ്റ് ആയിരിക്കുന്നത്. റിലീസ് ദിനത്തില്‍ നിന്ന് വലിയ ഇടിവ് ഇല്ലാതെയാണ് ഇപ്പോഴും ചിത്രത്തിന്‍റെ കളക്ഷന്‍. ഈ ജനപ്രീതിക്ക് ഒരു കാരണമേ ഉള്ളൂ. ഗായകന്‍, സംഗീത സംവിധായകന്‍, പാട്ടെഴുത്തുകാരന്‍, സംഗീതോപകരണ വാദകന്‍, നടന്‍, സംവിധായകന്‍, കവി എന്നിങ്ങനെ അസമീസ് ജനതയെ സംബന്ധിച്ച് ഒരു സാസ്കാരിക മുഖമായിരുന്ന സുബീന്‍ ഗാര്‍ഗ് നായകനായി അഭിനയിച്ച അവസാന സിനിമയാണ് റോയി റോയി ബിനാലെ. ഒപ്പം ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചതും അദ്ദേഹമാണ്.

ഒക്ടോബര്‍ 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ റിലീസിന് ഒന്നര മാസം മുന്‍പ് സെപ്റ്റംബര്‍ 19 ന് അദ്ദേഹം സിംഗപ്പൂരില്‍ വച്ച് മരണപ്പെടുകയായിരുന്നു. സിംഗപ്പൂരിലെ ഒരു ദ്വീപില്‍ നീന്തലിനിടെ ആയിരുന്നു അപ്രതീക്ഷിത വിയോഗം. ഇത് പൊതുസമൂഹത്തില്‍ വലിയ വൈകാരികതയാണ് സൃഷ്ടിച്ചത്. അത് റിലീസ് ദിനം മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്താനും തുടങ്ങി. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. അസമീസ് സിനിമയുടെ ചരിത്രത്തിലെ ആദ്യ മ്യൂസിക്കല്‍ എന്നാണ് സുബീന്‍ ഗാര്‍ഗ് വലിയ ആവേശത്തോടെ ഈ സിനിമയെ മുന്‍പ് വിശേഷിപ്പിച്ചിരുന്നത്.

റിലീസ് ദിനത്തില്‍ പുലര്‍ച്ചെ 3 മണി മുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂ ആരംഭിച്ചിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം 13 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് 18.12 കോടിയാണ്. ഗ്രോസ് 21.49 കോടിയും. ഇന്ത്യയില്‍ മാത്രമാണ് ചിത്രത്തിന് റിലീസ്. റിലീസ് ദിനത്തില്‍ 1.85 കോടിയാണ് ചിത്രം നേടിയ നെറ്റ് കളക്ഷനെങ്കില്‍ 13-ാം ദിനത്തിലേത് 89 ലക്ഷമാണ്. അതായത് ബോക്സ് ഓഫീസില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ടുപോകും എന്ന് ചുരുക്കം. 2024 ല്‍ പുറത്തിറങ്ങിയ ബിദുര്‍ഭായ് എന്ന ചിത്രമായിരുന്നു ഇതിന് മുന്‍പ് അസമീസ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്. 15.75 കോടി ആയിരുന്നു ചിത്രത്തിന്‍റെ ലൈഫ്ടൈം കളക്ഷന്‍. അതേസമയം റോയി റോയി ബിനാലെയുടെ ബജറ്റ് 5 കോടിയാണ്. ഇതിനകം സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസ് നേടിയിട്ടുണ്ട് ചിത്രം.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്