ഭാവന, മഞ്ജു വാര്യര്‍, മീര ജാസ്‍മിന്‍; വെള്ളിയാഴ്ച തിയറ്ററുകളില്‍ 9 ചിത്രങ്ങള്‍
മൂന്ന് ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍
വിവിധ ഭാഷകളില്‍ നിന്നായി ഈ വാരം കേരളത്തിലെ തിയറ്ററുകളില്‍ എത്തുന്നത് ഒന്‍പത് സിനിമകള്‍. ഇതില്‍ അഞ്ച് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നാണ്. ഒപ്പം തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുമുണ്ട്. മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു എന്നതാണ് പ്രത്യേകത.
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട്, മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത പാലും പഴവും, മഞ്ജു വാര്യര്‍ പ്രധാന റോളിലെത്തുന്ന സൈജു ശ്രീധരന്‍ ചിത്രം ഫൂട്ടേജ്, പ്രിയങ്ക നായരെ പ്രധാന കഥാപാത്രമാക്കി അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത കര്‍ണിക എന്നിവയ്ക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ താനാരാ എന്നിവയും മലയാളത്തില്‍ നിന്നുള്ള റിലീസ് ആണ്. എല്ലാ ചിത്രങ്ങളും വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തുക.
തമിഴില്‍ നിന്ന് സൂരിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കൊട്ടുക്കാളിയും വെള്ളിയാഴ്ച എത്തും. ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ആയിരുന്ന കൂഴങ്കല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പി എസ് വിനോദ്‍രാജ് ആണ് കൊട്ടുക്കാളിയുടെ സംവിധായകന്‍. ഹോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങളും നാളെ എത്തുന്നുണ്ട്. ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം ഏലിയന്‍: റോമുലസ്, കോമഡി ക്രൈം ത്രില്ലര്‍ ബ്ലിങ്ക് ട്വൈസ്, ആക്ഷന്‍ അഡ്വഞ്ചര്‍ ഫാന്‍റസി ചിത്രം ഹരോള്‍ഡ് ആന്‍ഡ് ദി പര്‍പ്പിള്‍ ക്രയോണ്‍ എന്നിവയും നാളെയാണ് തിയറ്ററുകളില്‍ എത്തുക.
ALSO READ : അമേരിക്കയില്‍ ചിത്രീകരിച്ച 'ചെക്ക് മേറ്റ്'; അനൂപ് മേനോന്‍ ചിത്രത്തിലെ ഗാനമെത്തി