മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുന്നത് എട്ട് സിനിമകള്‍. ഇതില്‍ വിജയ് ദേവരകൊണ്ട നായകനാവുന്ന ബഹുഭാഷാ ചിത്രം 'ഡിയര്‍ കോമ്രേഡ്', നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന മലയാളചിത്രം 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', കങ്കണ റണാവത്ത് നായികയാവുന്ന ബോളിവുഡ് ത്രില്ലര്‍ 'ജഡ്ജ്‌മെന്റല്‍ ഹേ ക്യാ' എന്നിവയാണ് ശ്രദ്ധേയ റിലീസുകള്‍.

തെലുങ്കിലെ പുതു താരസാന്നിധ്യമായ വിജയ് ദേവരകൊണ്ടയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ഡിയര്‍ കോമ്രേഡ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം തീയേറ്ററുകളിലെത്തും. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളിയായ സുജിത്ത് സാരംഗ് ആണ്. എഡിറ്റിംഗും മറ്റൊരു മലയാളിയാണ്. കിരണ്‍ മോഹനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

അതേസമയം 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ല്‍ 'രവി പദ്മനാഭന്‍' എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. 'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഫ്രാങ്കി'യെ അവതരിപ്പിച്ച തോമസ് മാത്യുവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തില്‍ മറ്റ് നാല് സിനിമകള്‍ കൂടി ഈ വാരം തീയേറ്ററുകളിലെത്തുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍', പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന മഖ്ബൂല്‍ സല്‍മാന്‍ ചിത്രം 'മാഫി ഡോണ', സുജന്‍ ആരോമല്‍ സംവിധാനം ചെയ്യുന്ന 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി', സത്യനാരായണന്‍ ഉണ്ണി സംവിധാനം ചെയ്ത 'ഒരു ദേശവിശേഷം' എന്നിവയാണ് അവ. ബോളിവുഡില്‍ നിന്ന് രോഹിത് ജുഗ്‌രാജ് സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം 'അര്‍ജുന്‍ പട്യാല'യും നാളെ തീയേറ്ററുകളിലെത്തും. ദില്‍ജിത്ത് ദോസന്‍ജും ക്രിതി സനോണുമാണ് പ്രധാന താരങ്ങള്‍.