തീയറ്ററുകൾക്ക് മുന്നിൽ ബാക്കിയുള്ള സീറ്റുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് പരിഹാരമായി ചലച്ചിത്ര അക്കാദമി പരിഗണിക്കുന്നു.

തിരുവനന്തപുരം: മണിക്കൂറിലേറെ ക്യൂനിന്നിട്ടും സിനിമ കാണാന്‍ കഴിയാതെ നിരാശരായി മടങ്ങേണ്ടിവരുന്ന ചലച്ചിത്രോത്സവ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. തിയറ്ററുകള്‍ക്കു മുന്നിലുള്ള ക്യൂ സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേരള ചലച്ചിത്ര അക്കാദമി പുതിയ സംവിധാനം ആലോചിക്കുന്നു. ഓരോ തിയറ്ററിനും മുന്നില്‍ എത്ര സീറ്റുകളാണ് ആ സമയത്ത് ഒഴിവുള്ളത് എന്ന് അറിയിക്കുന്ന ഡിജിറ്റല്‍ മോണിറ്റര്‍ സിസ്റ്റം അടുത്ത തവണ മുതല്‍ നടപ്പാക്കാൻ ശ്രമിക്കുമെന്ന് ചലച്ചിത്ര അക്കാദമി ഇടക്കാല ചെയര്‍മാന്‍ പ്രേം കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ക്യൂ സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇത്തരമൊരു സംവിധാനം നടപ്പാക്കിക്കൂടേ എന്ന ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം പുതിയ പരിഷ്‌കാരത്തെക്കുറിച്ച് പറഞ്ഞത്.

''വളരെ സ്വാഗതാര്‍ഹമായ നിര്‍ദേശമാണ് ഇത്. ഇപ്പോഴത്തെ മേള അവസാനിക്കാനിരിക്കെ ഇത് നടപ്പിലാക്കുക പ്രയോഗികമല്ല. എന്നാല്‍ ഭാവിയില്‍ മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി അത് നടപ്പാക്കാം. വരും വര്‍ഷങ്ങളില്‍ അത് ചെയ്യാം. പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തി ഇത് സാധ്യമാക്കാം. തീയറ്ററിന് മുന്നിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒരു പരിധിവരെ ഇത് മൂലം കുറയ്ക്കാന്‍ സാധിക്കും. വരും വര്‍ഷത്തില്‍ ചലച്ചിത്ര മേളയുടെ സംഘാടനത്തില്‍ ഈ സംവിധാനം ഉപയോഗിക്കും'- പ്രേംകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

നിലവില്‍ റിസര്‍വേഷന്‍ വ്യവസ്ഥയിലാണ് ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ എട്ടുമണിക്കാണ് റിസര്‍വേഷന്‍ ആരംഭിക്കുക. അടുത്ത ദിവസത്തേക്കുള്ള സിനിമകളാണ് ഈ സമയത്ത് റിസര്‍വ് ചെയ്യാനാവുക. നിമിഷങ്ങള്‍ക്കുള്ളില്‍ സിനിമകള്‍ ഹൗസ്ഫുള്ളാവും. നിരവധി പേര്‍ റിസര്‍വേഷനില്ലാതെ പുറത്തുനില്‍ക്കേണ്ടിവരും. അതിനാല്‍, മൊത്തം സീറ്റുകളില്‍ 70 ശതമാനം റിസര്‍വേഷനുള്ളവര്‍ക്കും ബാക്കി 30 ശതമാനം അല്ലാത്തവര്‍ക്കും നല്‍കുകയാണ് നിലവിലെ രീതി. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ ക്യൂ നിന്ന് വേണം സിനിമയ്ക്ക് കയറാന്‍. സ്ഥിരമായി വലിയ ക്യൂ ആണ് റിസര്‍വേഷനില്ലാത്തവരുടേത്. മണിക്കൂറുകളോളം വെയിലുംകൊണ്ട് ക്യൂ നിന്നാലും അവസരം ലഭിക്കും മുമ്പേ സിനിമകള്‍ ഹൗസ്ഫുള്ളാവും. ഓരോ ഷോയ്ക്കും ഏറെ നേരം ക്യൂനിന്നിട്ടും സിനിമ കാണാനാവാതെ മടങ്ങേണ്ടി വരുന്നത് നൂറുകണക്കിനാളുകളാണ്.

ഇതിന് പരിഹാരമായാണ് ഡിജിറ്റല്‍ മോണിറ്റര്‍ സമ്പ്രദായം ചലച്ചിത്ര അക്കാദമി പരിഗണിക്കുന്നത്. ഓരോ ഷോയ്ക്കും മുന്നോടിയായി ഇനിയെത്ര സീറ്റ് ബാക്കിയുണ്ട് എന്ന് കാണിക്കുന്ന ഡിജിറ്റല്‍ മോണിറ്ററുകള്‍ ഓരോ തിയറ്ററിനും മുന്നില്‍ സ്ഥാപിച്ചാല്‍ ഈ വിഷയം പരിഹരിക്കാനാവും എന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഇങ്ങനെയൊരു നിര്‍ദ്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അക്കാദമിയുടെ ഇടക്കാല അധ്യക്ഷനെ സമീപിച്ചതും അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചതും.