"സിനിമ ടിവിയിലോ ഒടിടിയിലോ കണ്ട് കഴിഞ്ഞിട്ട് പതിവായി പറയുന്ന ഒരു കാര്യമാണ്.."
അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ തിയറ്ററികളിലെത്തിയ ചിത്രമായിരുന്നു ജാനകി ജാനേ. നവ്യ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ അടുത്തിടെ സ്ട്രീമിംഗും ആരംഭിച്ചിരുന്നു. ഒടിടിയിലൂടെ ചിത്രം കണ്ട നടന്‍ നിര്‍മല്‍ പാലാഴി ഇപ്പോഴിതാ ചിത്രത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. തിയറ്ററില്‍ ചിത്രം വേണ്ടത്ര വിജയിച്ചിട്ടില്ലെങ്കില്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താന്‍ കൂടി അതിന് കാരണക്കാരനാണെന്നും പറയുന്നു നിര്‍മല്‍.
നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്
ഇപ്പോൾ ഹോട്ട്‌സ്റ്റാറിൽ ജാനകി ജാനേ എന്ന സിനിമ കണ്ട് കഴിഞ്ഞു. ഈ സിനിമ തിയറ്ററിൽ എത്ര വിജയമായിരുന്നു എന്ന് അറിയില്ല. അത്ര വിജയം അല്ലെങ്കില്‍ അതിന് ഞാൻ ഉൾപ്പെടെയുള്ള സിനിമാസ്വാദകർ കാരണക്കാരാണ്. കാരണം സിനിമ ടിവിയിൽ വന്നിട്ടോ ഒടിടിയില്‍ വന്നിട്ടോ കണ്ട് കഴിഞ്ഞിട്ട് പതിവായി പറയുന്ന ഒരു കാര്യമാണ് അയ്യോ കിടിലൻ പടം ആയിരുന്നല്ലോ, എന്നിട്ട് എന്തേ തീയേറ്ററിൽ പടം വിജയിച്ചില്ല എന്ന്. തിയറ്ററിൽ ഉള്ള ഒഴിഞ്ഞ കസേര ടിക്കറ്റ് ക്യാഷ് കൊടുക്കാറില്ല എന്നാണ് ഇപ്പൊൾ കിട്ടിയ അറിവ്.
വളരെ മനോഹരമായ സിനിമ. ഓരോ താരങ്ങളും അവരവരുടെ റോളുകൾ വളരെ മനോഹരമായി ചെയ്തു. സൈജു ഏട്ടൻ്റെ ഉണ്ണി ഏട്ടനെ അങ്ങോട്ട് ഇഷ്ട്ടപെട്ടു പോയി. എൻ്റെ ഉണ്ടക്കണ്ണിനെ ട്രോളാൻ എനിക്ക് ആരുടെയും അവശ്യം ഇല്ല എന്ന് തുടങ്ങി ചിരിപ്പിച്ചു സ്നേഹിച്ചു പ്രോട്ടക്റ്റ് ചെയ്ത് അവസാനം ഒരു അൽപ്പം ദേഷ്യം പിടിച്ച് ജാനകിയെ ചേർത്ത് നിർത്തുന്ന ഉണ്ണി ഏട്ടനെ ഏതൊരു ഭർത്താവിനും ഒന്ന് അനുകരിക്കാൻ തോന്നി പോവും. നവ്യ നായർ ചെയ്ത ജാനകി എന്ന കഥാപാത്രം🥰👌. മലയാളത്തിൽ നായികാ കഥാപാത്രത്തിനോട് ഒരു ആരാധന തോന്നി പോവുന്നത് ( എൻ്റെ പേഴ്സണല്‍ ആയിട്ടുള്ള അഭിപ്രായം) അവര്‍ കോമഡി ചെയ്ത് ചിരിപ്പിക്കുമ്പോഴാണ്. കാരണം ഒരു ഇമോഷൻ ചെയ്തിട്ട് പൊട്ടി പോവുനതിനേക്കാളും ഒരു പാട്ട് പാടി കുളമാവുനതിനെക്കാളും ഒരു ഡാൻസ് കളിച്ചു മോശം ആവുനതിനേക്കാൾ ദുരന്തമാണ് ഒരു കോമഡി ചെയ്തിട്ട് ആളുകൾ ചിരിക്കാതെ ഇരിക്കുക എന്നത്. അനുഭവം കൊണ്ട് പറയുന്നതാണ് (ഈ ലോകം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ അവസരങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടേ...😜). അത് വച്ച് നോക്കുമ്പോൾ വളരെ വളരെ മനോഹരമായി അവർ കോമഡി ചെയ്തു. മനു ഏട്ടനെ സ്നേഹിച്ച ബാലാമണിയെക്കാളും എത്രയോ മുകളിലായിരുന്നു ഉണ്ണിയേട്ടനെ സ്നേഹിച്ച ജാനകി. ലോകത്തെ മൊത്തം പേടിയുള്ള ജാനകി ഒരു തുള്ളി പേടി യില്ലാതെ കോമഡിയും ഇമോഷനും എല്ലാം കൈകാര്യം ചെയ്തു🥰👌.
പിന്നെ ഞങ്ങളെ നസീർക്കാ (കോട്ടയം നസീർ). എന്താ പറയാ അങ്ങോട്ട് തകർത്ത് ഞെട്ടിച്ചു. അങ്ങനെ പറയാൻ പ്രത്യേകിച്ച് ഒരു കാരണം നസീർക്കാ എന്ന മിമിക്രിയിലെ ഒരേ ഒരു രാജാവിന് അഭിനയത്തിൽ ഇത്രയും കഴിവ് ഉണ്ട് എന്ന് കാണിച്ച് കൊടുത്ത സിനിമ. ഡയറക്ടർ അനീഷ് ഉപാസനയെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞതും അത് തന്നെയാണ്. ഇങ്ങനെ ഒരു നസീർക്കയെ മലയാളത്തിന് നൽകിയ ഇങ്ങൾക്ക് ഒരു ബിഗ് സലൂട്ട് 🥰. പ്രസംഗത്തിൻ്റെ ഇടയിൽ ജാനകി മുന്നിൽ വരുമ്പോൾ ഉള്ള ഒരു സീൻ ഉണ്ട്. അത്രയും നേരം പക്കാ വില്ലൻ ചെയ്തു നിന്ന കഥാപാത്രം നടത്തുന്ന ചെറിയൊരു കാലു മാറ്റം. പാളി പോകാവുന്ന ആ സീൻ അത്രയും മനോഹരമാക്കണമെങ്കില്‍ അത്രയും നല്ലൊരു നടന് മാത്രമേ കഴിയൂ,🥰.
പിന്നെ എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമാക്കി. ജോണി (ജോണി ആൻ്റണി) ചേട്ടൻ്റെ കഥാപാത്രം, സ്മിനു സിജോ, ഗസ്റ്റ് ആയിട്ട് വന്ന ഷറഫ്, അനാർക്കലി, അങ്ങനെ എല്ലാവരും.. എല്ലാവരും വളരെ മനോഹരമാക്കി 🥰🥰. എല്ലാത്തിലും ഉപരി കുടുംബസമേതം ഇരുന്നു കാണാവുന്ന വളരെ മനോഹരമായൊരു കാഴ്ച ഒരുക്കിയ ഡയറക്ടർ അനീഷ് ഏട്ടനും (അനീഷ് ഉപാസന) ജാനകി ജാനെ മുഴുവൻ ടീമിനും ഒരായിരം നന്ദി🥰🙏.
