നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയുടെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് റിലീസ് ചെയ്യും. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന 'രാമായണ' എന്ന സിനിമയുടെ ആദ്യഭാ​ഗത്തിന്റെ റിലീസ് 2026 നവംബർ 5ന് നടക്കും. ഇതോട് അനുബന്ധിച്ചുള്ള ടിക്കറ്റ് ബുക്കിം​ഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. രൺബീർ കപൂറും സായ് പല്ലവിയും യഷും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്.

ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. അതേസമയം, രാമായണയുടെ മ്യൂസിക് റൈറ്റ് റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ടി- സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്നും ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് മികച്ചൊരു ദൃശ്യാനുഭവം ആയിരിക്കും രാമായണ എന്നാണ് വിലയിരുത്തലുകള്‍.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming