തെലുങ്ക് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായക നടനാണ് നിതിൻ. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ ഹിറ്റ് സ്വന്തമാക്കിയ നടൻ. പക്ഷേ തുടര്‍ന്ന് നിതിന്റെ സിനിമകള്‍ അത്ര വിജയമായിരുന്നില്ല. 2002ലെ ആദ്യ സിനിമയില്‍ നിന്ന് 2020ല്‍ എത്തുമ്പോള്‍ ഒട്ടേറെ വിജയ ചിത്രങ്ങളിലൂടെ തെലുങ്ക് അഭിനേതാക്കളില്‍ മുൻനിരയിലെത്തി. നിതിന്റെ ആരാധകര്‍ കുറച്ചുകാലമായി കേട്ടിരുന്ന ആ വാര്‍ത്തയും ഇപ്പോള്‍ ശരിയായിരിക്കുകയാണ്.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം നിതിനും ശാലിനിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏപ്രില്‍ 15നായിരിക്കും വിവാഹം എന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ വിവാഹ തിയ്യതി മാറ്റിയേക്കും എന്നും വാര്‍ത്തകളുണ്ട്. ദുബായ്‍യില്‍ വെച്ചാകും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുക.