വി കെ പ്രകാശിന്റെ 'പ്രാണ'യാണ് നിത്യ മേനന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ മലയാളചിത്രം. എന്നാല്‍ അവരുടെ തീയേറ്ററുകളിലെത്തിയ അവസാനചിത്രം അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രം 'മിഷന്‍ മംഗള്‍' ആയിരുന്നു. വര്‍ഷ പിള്ള എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ നിത്യ അവതരിപ്പിച്ചത്. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത 'കോളാമ്പി'യും അവരുടേതായി പുറത്തുവരാനുണ്ട്. ഇപ്പോഴിതാ മറ്റൊരു മലയാളചിത്രം കൂടി നിത്യയുടേതായി പ്രഖ്യാപിച്ചിരിക്കുന്നു. 

'ആറാം തിരുകല്പന' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഹു' എന്ന ഇംഗ്ലീഷ്-മലയാളം ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അജയ് ദേവലോകയാണ്. ഷൈന്‍ ടോം ചാക്കോ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു പൊലീസ് കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇത്. 

സംവിധായകന്റെ തന്നെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് ശ്യാം ശ്രീകുമാര്‍ മേനോന്‍ ആണ്. നിത്യ മേനന്റെ കരിയറിലെ അന്‍പതാമത് ചിത്രം എന്ന പ്രത്യേകത കൂടി 'ആറാം തിരുകല്പന'യ്ക്ക് ഉണ്ട്. കോറിഡോര്‍ സിക്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനം കോഴിക്കോട് തുടങ്ങും.