പേരന്‍പിനു ശേഷമെത്തുന്ന റാം ചിത്രം
ഫിലിമോഗ്രഫിയില്‍ നാല് സിനിമകള്‍ മാത്രമേ ഉള്ളൂവെങ്കിലും സവിശേഷവും വേറിട്ടതുമായ ശൈലി കൊണ്ട് വലിയ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് റാം. അതില്‍ നാലാമത്തെ ചിത്രത്തിലൂടെയാണ് മലയാളി സിനിമാപ്രേമികള്‍ക്ക് റാമിനെ കൂടുതല്‍ പരിചയം. മമ്മൂട്ടി നായകനായി 2019ല്‍ പുറത്തെത്തിയ പേരന്‍പ് ആയിരുന്നു ആ ചിത്രം. പേരന്‍പിനു ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനും മലയാളത്തില്‍ നിന്നാണ്. നിവിന്‍ പോളിയാണ് ആ താരം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഒരു പ്രധാന അപ്ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനത്തെക്കുറിച്ചാണ് അത്.
ഒക്ടോബര്‍ 11 ന് ഉച്ചയ്ക്ക് 12 ന് ആണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം. വി ഹൌസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക. സൂരി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് നിര്‍മ്മാണം. അല്‍ഫോന്‍സ് പുത്രന്‍റെ 'പ്രേമ'ത്തിലൂടെ തമിഴ്നാട്ടില്‍ വലിയ ഫാന്‍ ഫോളോവിംഗ് നേടിയ താരമാണ് നിവിന്‍ പോളി. എന്നാല്‍ പിന്നീട് നായകനായെത്തിയ തമിഴ് ചിത്രം റിച്ചി ബോക്സ് ഓഫീസില്‍ വിജയം നേടാതെപോയി. റാമിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രം പക്ഷേ സ്വീകരിക്കപ്പെടുമെന്നാണ് കോളിവുഡ് വൃത്തങ്ങളുടെ പ്രതീക്ഷ.
അതേസമയം പല ശ്രദ്ധേയ ചിത്രങ്ങളും നിവിന്‍ പോളിയുടേതായി പുറത്തുവരാനുണ്ട്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, റോഷന്‍ ആന്‍ഡ്രൂസിന്‍റെ സാറ്റര്‍ഡേ നൈറ്റ് എന്നിവയാണ് അവ. ഇതില്‍ പലവട്ടം റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രമാണ് തുറമുഖം. എന്നാല്‍ ചിത്രം നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നിവിന്‍ പോളി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിന്‍ അടുത്തിടെ പറഞ്ഞിരുന്നു.
