നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

സാനിയ ഇയ്യപ്പൻ, ധ്രുവൻ തുടങ്ങിയ താരങ്ങള്‍ അരങ്ങേറിയ ക്വീനിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്റണി. അരങ്ങേറ്റത്തിലേ പേരെടുത്തിരുന്നു ഡിജോ. ജന ഗണ മന എന്ന ചിത്രവും വൻ ഹിറ്റായതോടെ ഡിജോ ജോസ് ആന്റണിയില്‍ സംവിധായകൻ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ദ്ധിച്ചു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം എൻപി 43ന് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും അതുകൊണ്ടാണ്.

നിവിൻ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തുമ്പോള്‍ താല്‍ക്കാലികമായി പേരിട്ടതാണ് എൻപി 43 എന്ന്. ധ്യാൻ ശ്രീനിവാസനും നിവിൻ പോളിക്കൊപ്പം ചിത്രത്തില്‍ വേഷമിടുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുദീപ് എളമണാണ്. സംഗീതം ജേക്ക്‍സ് ബിജോയിയാണ്.

എൻപി 43ന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാണ് ലിസ്റ്റിൻ സ്റ്റീഫൻ. എൻപി 43 ഏകദേശം 60 ദിവസങ്ങളില്‍ തീര്‍ക്കാം എന്ന് കരുതിയതാണെങ്കിലും ഇപ്പോള്‍ 130 ദിവസത്തോളമായി എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലാണ് എൻപി 43ന്റെ ചിത്രീകരണം. എന്താണ് പ്രമേയം എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ജന ഗണ മന എന്ന ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകനായി വേഷിട്ടത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രം നിരൂപകരുടെയും പ്രിയം നേടി. പൃഥ്വിരാജ് നായകനായ ലീഗല്‍ ത്രില്ലര്‍ ചിത്രം ജന ഗണ മനയില്‍ പശുപതി, ജി എം സുന്ദര്‍, മംമ്‍ത മോഹൻദാസ്, ശ്രീ ദിവ്യ, പ്രിയങ്ക നായര്‍, വൈഷ്‍ണവി വേണുഗോപാല്‍, വിൻസി അലോഷ്യസ, ചിത്ര അയ്യര്‍, ഇളവരശ്, രാജ കൃഷ്‍ണമൂര്‍ത്തി, ധ്രുവൻ, ഹരികൃഷ്‍ണൻ, ഷാനവാസ്, ധന്യ അനന്യ, വിനോദ് സാഗര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടു. ജന ഗണ മന 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു.

Read More: ആ അപ്‍ഡേറ്റ് എത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക