ലോകമെങ്ങും പടര്‍ന്നുപിടിച്ച കൊവിഡ് 19 വ്യക്തികളിലുണ്ടാക്കാന്‍ സാധ്യതയുള്ള വിഷാദത്തെക്കുറിച്ചും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്. അസുഖമുള്ളവരെക്കൂടാതെ രോഗിയുമായി സമ്പ‍ര്‍ക്കം പുലര്‍ത്തിയവരും ക്വാറന്‍റൈനില്‍ കഴിയുകയാണ്. കേരളത്തില്‍ മാത്രം നിലവില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ എണ്ണം 1,34,000ല്‍ ഏറെ വരും. അവര്‍ക്ക് നല്‍കേണ്ട മാനസിക പിന്തുണ ലക്ഷ്യമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന 'ഓണ്‍ കോള്‍' എന്ന ക്യാമ്പെയ്‍നില്‍ നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ ഭാഗഭാക്കാവും.

ക്വാറന്‍റൈനിലുള്ളവര്‍ ഒറ്റപ്പെട്ടവരല്ലെന്നും നാടിന്‍റെ സുരക്ഷിതത്വത്തിനുവേണ്ടിക്കൂടിയാണ് അവര്‍ അങ്ങനെ കഴിയുന്നതെന്നുമുള്ള സന്ദേശവുമായാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ  പരിപാടി. ഇതിന്‍റെ ഭാഗമായി പല മേഖലകളിലെ പ്രശസ്തര്‍ ക്വാറന്‍റൈനിലുള്ള ചിലരുമായി വരും ദിവസങ്ങളില്‍ ഫോണില്‍ സംസാരിക്കും. അതിന് തുടക്കമിടുന്നത് നിവിന്‍ പോളിയാണ്. നാളെ രാവിലെ 11 മണി മുതലാണ് നിവിന്‍ പരിപാടിയുടെ ഭാഗമായി ക്വാറന്‍റൈനില്‍ ഉള്ളവരുമായി ഫോണില്‍ സംസാരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'ഓണ്‍ കോളി'നെക്കുറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ

കോവിഡ് 19 ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ല. അവർ ശാരീരികമായി തനിച്ചായിപ്പോയത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്. നമ്മുടെ നാടിൻറെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്. ആക്ഷേപിക്കപ്പെടേണ്ടവരല്ല അവർ. മാനസികമായി ചേർത്ത് പിടിക്കാം അവരെ. അവരുടെ കൂടെ നമ്മളെല്ലാവരും ഉണ്ട്.
നമ്മുടെ ഐക്യദാർഢ്യം അവരെ അറിയിക്കുന്നതിനു വേണ്ടി യൂത്ത് കെയർ പ്രോഗ്രാമിന്‍റെ ഭാഗമായി #OnCall ക്യാമ്പയിൻ ആരംഭിക്കുകയാണ്. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട #നിവിൻപോളി ക്വാറന്‍റൈനില്‍ ഉള്ള ചിലരുമായി ഫോണിൽ സംസാരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പല മേഖലകളിലുമുള്ളവർ  ഈ പ്രോഗ്രാമിന്‍റെ ഭാഗമായി നമ്മുടെ സഹോദരങ്ങളോട് സംസാരിക്കുന്നു. നമ്മളുണ്ട് അവർക്കൊപ്പം. നിങ്ങളും പരിചയമുള്ളവരോട് സംസാരിക്കൂ. അവർക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ.