Asianet News MalayalamAsianet News Malayalam

Joju George| ജോജുവിനെതിരെ കേസില്ല, വണ്ടി അടിച്ചു തകർത്ത കോൺഗ്രസുകാർക്കെതിരെ കേസ്

രാവിലെ കോൺഗ്രസ് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമായി. 

no case registered against actor joju george for rampaging the vehicle case against congress workers
Author
Kochi, First Published Nov 1, 2021, 4:59 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: ഇടപ്പള്ളി - വൈറ്റില ദേശീയ പാതയിൽ വച്ച് നടൻ ജോജു ജോർജിന്‍റെ (Joju George) വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ (Congress Workers) പൊലീസ് കേസെടുത്തു. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവർത്തകരെ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് (Case Registered). എന്നാൽ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ തൽക്കാലം കേസില്ല. പരാതിയിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ജോജു മദ്യപിച്ചിരുന്നുവെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ മദ്യപിച്ചാണ് ജോജു അസഭ്യം പറഞ്ഞതെന്ന മഹിളാ കോൺഗ്രസിന്‍റെ വാദം ദുർബലമാകുകയാണ്. 

രാവിലെ കോൺഗ്രസ് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി ത‍ടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമായി. 

തിരികെ നടക്കവെ ആൾക്കൂട്ടത്തിൽ നിന്ന് അവന് കാശുള്ളതുകൊണ്ടാണെന്ന കമന്‍റ് ഉയർന്നതിന് രൂക്ഷമായ ഭാഷയിലാണ് ജോജു മറുപടി പറഞ്ഞത്. ''അതേടാ, കാശുണ്ട്, അത് പണിയെടുത്തുണ്ടാക്കിയതാ, ആർക്കാ ഇത്ര തെളപ്പ്?'', ജോജു ക്ഷുഭിതനായി. 

ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിൽ തർക്കമായി. തർക്കങ്ങൾക്കൊടുവിൽ പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്‍റെ വണ്ടി സമരക്കാർ തടഞ്ഞു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ സമരക്കാർ ജോജുവിന്‍റെ വണ്ടി അടിച്ചു തകർത്തു. 

ഏറെ നേരം പണിപ്പെട്ട ശേഷം എസ്ഐ നേരിട്ട് സീറ്റിൽ കയറി ഇരുന്നാണ് ജോജുവിന്‍റെ വാഹനം കടത്തി വിട്ടത്. അപ്പോഴേക്ക് വണ്ടിയുടെ പിന്നിലെ ചില്ല് പൂർണമായും തകർന്നിരുന്നു. 

ഇതേത്തുടർന്നാണ് ജോജുവിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപണവുമായി രംഗത്ത് വന്നത്. ജോജു മദ്യപിച്ചിരുന്നെന്നും, എടീ പോടീ എന്ന് വിളിച്ചെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം ജോജു നേരിട്ട് തന്നെ പൊലീസിനൊപ്പം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തുകയായിരുന്നു. ജോജുവിനെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കി. ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

പുറത്തിറങ്ങി വന്ന ജോജു ശക്തമായ  ഭാഷയിലാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിമർശനമുന്നയിച്ചത്. താൻ ഒരു സ്ത്രീയെയും അസഭ്യം പറഞ്ഞിട്ടില്ല. ''എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. അവരെയൊക്കെ ഞാൻ പൊന്ന് പോലെയാണ് നോക്കുന്നത്'', ജോജു പറഞ്ഞു. തന്‍റെ പ്രതിഷേധം കോൺഗ്രസിനെതിരെയായിരുന്നില്ല. പ്രതിഷേധത്തിന് രാഷ്ട്രീയമില്ല. അവിടെ കൂടിയ ചില നേതാക്കൾക്ക് എതിരെയായിരുന്നു തന്‍റെ പ്രതിഷേധം. അതിന് തിരിച്ച് തന്നെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചത് അവരാണ്. വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും വരെ തെറി വിളിച്ചു. അത് അടക്കം ചൂണ്ടിക്കാട്ടി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയതായി ജോജുവും വ്യക്തമാക്കി. 

ഇതിനിടെ മഹിളാ കോൺഗ്രസ് പ്രവ‍ർത്തകരുടെ പരാതിയിൽ സ്റ്റേഷനിലെത്തിച്ച ജോജുവിനെ മൊഴിയെടുത്ത് വിട്ടയച്ചു. അതേസമയം, ജോജുവിന്‍റെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ജോജു മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ജോജു നടത്തിയത് പട്ടി ഷോ ആണെന്നും, ജോജുവിനെ മാളയിൽ കാല് കുത്തിക്കില്ലെന്നും സമരക്കാർ പറ‌ഞ്ഞു. മാർച്ച് പൊലീസ് തടഞ്ഞു. ജോജുവിന്‍റെ മാള വലിയ പറമ്പിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, ജോജുവിന്‍റെ പ്രതിഷേധത്തിന് പിന്തുണയുമായി സിനിമാരംഗത്തുള്ള പല പ്രമുഖരും രംഗത്തെത്തി. സംവിധായകരായ ബി ഉണ്ണികൃഷ്ണനും മധുപാലും ജോജുവിന് പിന്തുണ നൽകുന്നതായി വ്യക്തമാക്കി. 

എന്നാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ജോജുവിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. മുണ്ട് മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് ജോജു വന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അടക്കം അസഭ്യം പറഞ്ഞു. ഇത് ശരിയല്ലെന്നും കോൺഗ്രസ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. എന്നാൽ വഴി തടയൽ സമരങ്ങൾക്ക് താൻ പണ്ടും എതിരാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ജോജുവിന്‍റെ വികാരം മനസ്സിലാക്കുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios