കൊച്ചി: കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ നടന്‍ സൂര്യ നടത്തിയ പരാമർശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ നടന്‍റെ പ്രസ്താവന അനാവശ്യ രീതിയിലെന്ന് നിരീക്ഷിച്ച കോടതി, കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. 

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് കേസ് പരിഗണിച്ചത്. കോടതിക്കെതിരെ പ്രസ്താവന നടത്തിയ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സുബ്രഹ്മണ്യം ചീഫ് ജസ്റ്റിന് കത്ത് അയച്ചിരുന്നു. പിന്നാലെ നടനെതിരെ നടപടി അരുതെന്നാവശ്യപ്പെട്ട് ആറ് ജഡ്ജിമാരും മദ്രാസ് ഹൈക്കോടതിക്ക് കത്തയച്ചു. 

കൊവി‍ഡ് വ്യാപനത്തിനിടെ നടന്ന നീറ്റ് പരീക്ഷയെഴുതാനാകാത്തതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ നാല് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് പരീക്ഷാ നടത്തിപ്പിനെ രൂക്ഷമായി വിമർശിച്ച് സൂര്യ രംഗത്തെത്തിയത്. മഹാമാരിയെ പേടിച്ച് കോടതികൾ വിഡിയോ കോൺഫറന്‍സിലൂടെ വാദം കേൾക്കുന്ന കാലത്ത് വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തണമെന്നാവശ്യപ്പെടുന്നത് 
ശരിയല്ലെന്നായിരുന്നു നടന്‍റെ വിമ‍ർശനം.