മുംബൈ: ബോളിവുഡിന്റെ കിംങ് ഷാരൂഖിന്റെ മുംബൈയിലെ വീടാന മന്നത്തിന് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകും. ഷാരൂഖിനെ ഒരു നോക്കുകാണാന്‍ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നിലെത്തി അദ്ദേഹം കൈവീശും പ്രിയതാരത്തെ കണ്ട സന്തോഷത്തില്‍ അവര്‍ മടങ്ങും. ഇതാണ് വര്‍ഷങ്ങളായി മന്നത്തിന് മുന്നില്‍ നടക്കുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഇന്നലെ മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല, കൈവീശിക്കാണിക്കാന്‍ ഷാരൂഖും പുറത്തിറങ്ങിയില്ല. 

കൊവിഡ് ബാധിച്ച് ലോകത്ത് 14000 ലേറെ പേരാണ് മരിച്ചത്. ഇന്ത്യയിലും കനത്ത ജാഗ്രതയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് പ്രകാരം ഇന്നലെ ജനതാ കര്‍ഫ്യൂ പാലിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നായിരുന്നു ആഹ്വാനം. ഇതോടെയാണ് ആരാധകരുടെ കൂട്ടമില്ലാതെ ഇന്നലെ മന്നത്തിന് മുന്നിലെ വീഥി ഒഴിഞ്ഞുകിടന്നത്. 

കൊവിഡ് ബാധ തടയാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വീട്ടില്‍ ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നും ആരാധകരോട് ഷാരൂഖ് ഖാന്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.