മുംബൈ: സിനിമാ മേഖലയിലെ മറ്റ് അഭിനേതാക്കളില്‍ നിന്ന് വേറിട്ടതായിരുന്നു തന്‍റെ അനുഭവങ്ങളെന്ന് ചലചിത്രതാരം സുഷ്മിത സെന്‍. മിസ് യൂണിവേഴ്സ് നേട്ടം സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നായിട്ട് പോലും തനിക്ക് അവസരങ്ങള്‍ നേടിത്തരികയായിരുന്നു. എന്നാല്‍ വലിയ രീതിയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും സുഷ്മിത സെന്‍ പറയുന്നു. ഒരുപാട് യുവജനങ്ങള്‍ സിനിമയോട് അത്രയധികം താല്‍പര്യത്തോടെ മുംബൈയിലെത്തുന്നത് കാണുന്നുണ്ട്. ജീവിക്കുന്നതും  ശ്വസിക്കുന്നതും സിനിമ എന്ന രീതിയിലാണ് അവര്‍ മുംബൈയിലെത്തുന്നത്. അവരില്‍ കാണുന്ന സിനിമയോടുള്ള താല്‍പര്യം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സുഷ്മിത സെന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. 

അത്രയധികം താല്‍പര്യങ്ങളും ആഗ്രഹങ്ങളുമായി എത്തുന്ന അവരെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. യുവതാരങ്ങളോട് നിങ്ങള്‍ കഴിവുകള്‍ തുടച്ചുമിനുക്കിക്കൊണ്ടേയിരിക്കണം എന്നും സുഷ്മിത സെന്‍ പറയുന്നു. ഒപ്പം അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശരാണെന്ന് തോന്നുന്ന രീതിയില്‍ ഒരിക്കലും പെരുമാറരുതെന്നും സുഷ്മിതാ സെന്‍ പറയുന്നു. നിര്‍വ്വാഹമില്ലാത്തവരാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നലുണ്ടായാല്‍ മുതലെടുപ്പിനുള്ള സാധ്യതകള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പും താരം നല്‍കുന്നു. നിരാശ കൂടുന്നത് സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. നിങ്ങളുടെ കഴിവുകളെ നല്ലത് പോലെ മാര്‍ക്കറ്റ് ചെയ്യാനും സാധിക്കണം. അതിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. 

സൌന്ദര്യ മത്സരം വിജയിച്ചതുകൊണ്ടാണ് തനിക്ക് അവസരം ലഭിച്ചത്. ഒരിക്കലും ഒറു അഭിനേതാവാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ നിന്ന് പഠിക്കാനും വളരാനും തനിക്ക് സാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  താന്‍ നൂറ് ശതമാനം പരിശ്രമിച്ചിട്ടും തന്‍റെ ആദ്യ കാല ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അഭിനയത്തില്‍ കഴിവ് തെളിയിക്കണമെന്ന തീവ്രമായ ആഗ്രഹമുണ്ടായതെന്നും അവര്‍ പറയുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തിയ സുഷ്‍മിത സെന്‍ മിന്നുന്ന പ്രകടനമാണ് ആര്യ എന്ന വെബ്സീരീസില്‍ നടത്തിയിട്ടുള്ളത്.