'അപമാനിക്കുന്നതോ, അകറ്റി നിര്‍ത്തുന്നതോ?' : ജൂനിയര്‍ എന്‍ടിആര്‍ ബാലയ്യ പ്രശ്നം പുതിയ തലത്തില്‍ !
സിനിമ രംഗത്ത് അമ്പതാം വാർഷികം ആഘോഷിക്കുന്ന നന്ദമൂരി ബാലകൃഷ്ണയുടെ ആഘോഷ പരിപാടിയിൽ ജൂനിയർ എൻടിആറിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന വാർത്തയാണ് ഇപ്പോൾ ടോളിവുഡിൽ ചർച്ചയാകുന്നത്.
ഹൈദരബാദ്: തെലുങ്ക് സിനിമ രംഗത്തെ അതികായന്‍ നന്ദമൂരി ബാലകൃഷ്ണ സിനിമ രംഗത്തേക്ക് എത്തിയിട്ട് 50 വര്‍ഷം തികയുകയാണ്. പിതാവ് എന്‍ടി രാമറാവുവിന്‍റെ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ബാലകൃഷ്ണ പിന്നീട് തെലുങ്കിലെ സൂപ്പര്‍താരമായി മാറുകയായിരുന്നു. ഇപ്പോള്‍ സിനിമ രംഗത്ത് തന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് താരം. ഇതിന്‍റെ ഭാഗമായി വലിയ ആഘോഷചടങ്ങിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കുന്നത്.
എന്നാല്‍ ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കം പ്രമുഖരെ ഇതിനകം ചടങ്ങിലേക്ക് ക്ഷണിച്ചു കഴിഞ്ഞു. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയാണ് ബാലകൃഷ്ണ. അതിനാല്‍ തന്നെ ഭരണകക്ഷി പ്രമുഖര്‍ എത്തും എന്ന് ഉറപ്പാണ്. ഒപ്പം ഉപമുഖ്യമന്ത്രിയും ജനസേന നേതാവുമായ പവര്‍ സ്റ്റാര്‍ പവന്‍ കല്ല്യാണും ഉണ്ടാകും.
ചിരഞ്ജീവിയെയും മകന്‍ രാം ചരണ്‍ അടക്കം മെഗ കുടുംബത്തിനും അല്ലു അര്‍ജുനും എല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. അതേ സമയം തെലുങ്ക് സിനിമ രംഗത്തെ ഒരു പ്രമുഖനെ ബാലകൃഷ്ണയുടെ കുടുംബക്കാരനെ ക്ഷണിച്ചില്ലെന്നാണ് ഇപ്പോള്‍ ടോളിവുഡിലെ സംസാരം. അത് മാറ്റാരുമല്ല ജൂനിയര്‍ എന്‍ടിആറിനെ തന്നെ. നന്ദമൂരി കുടുംബത്തിലെ അംഗമായിട്ടും ജൂനിയര്‍ എന്‍ടിആറിന് ചടങ്ങിലേക്ക് ക്ഷണമില്ലെന്നാണ് വിവരം.
അതേ സമയം വാര്‍ 2 എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിലാണ് ജൂനിയര്‍ എന്‍ടിആര്‍ എന്നാണ് വിവരം. അതേ സമയം ബാലയ്യ@50 ആഘോഷത്തില്‍ ജൂനിയര്‍ എന്‍ടിആറിന് ക്ഷണമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഇരുവിഭാഗവും ഇതുവരെ തയ്യാറായിട്ടില്ല. രണ്ട് ഫാന്‍സും തെലുങ്ക് സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ പേരില്‍ തര്‍ക്കവും നടക്കുന്നുണ്ടെന്നാണ് ഫിലിംബീറ്റ്സ് റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം കുറേക്കാലമായി ബലകൃഷ്ണയും ജൂനിയര്‍ എന്‍ടിആറും അത്ര സുഖത്തില്‍ അല്ല എന്നത് ടോളിവുഡിലെ പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ വര്‍ഷം എന്‍ടിആറിന്‍റെ നൂറാം ജന്മദിന ആഘോഷമായി ഹൈദരാബാദില്‍ നടന്നിരുന്നു. ചന്ദ്രബാബു നായിഡുവും, എന്‍ടിആറിന്‍റെ മകന്‍ ബാലകൃഷ്ണയുമാണ് ചടങ്ങിന്‍റെ പ്രധാന സംഘാടകരായത്. എന്നാല്‍ ഇതില്‍ ജൂനിയര്‍ എന്‍ടിആര്‍ വിട്ടുനിന്നത് വലിയ വാര്‍ത്തയായിരുന്നു.
പിന്നീടാണ് ഇതിന്‍റെ അണിയറക്കഥകള്‍ പുറത്തുവന്നത് ബാലകൃഷ്ണയുമായി വളരെക്കാലമായി അത്ര സുഖത്തില്‍ അല്ല ജൂനിയര്‍ എന്‍ടിആര്‍. അന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും ബാലകൃഷ്ണ നേരിട്ടും ഫോണിലൂടെയും ക്ഷണിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആറിനെ ക്ഷണിച്ചില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്ന് തെലുങ്ക് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
അതേ സമയം നേരത്തെ തന്നെ ജൂനിയര്‍ എന്‍ടിആര്‍ ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചിരുന്നുവെന്നും. പകരം വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ വീഡിയോ സന്ദേശം നല്‍കാം എന്ന് അറിയിച്ചിരുന്നു. പക്ഷെ നേരിട്ട് വരാത്തവരുടെ വീഡിയോ കാണിക്കേണ്ടതില്ലെന്ന നിലപാടാണ് ബാലകൃഷ്ണ എടുത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നന്ദമൂരി കുടുംബ അംഗവും രാഷ്ട്രീയ നേതാവുമായി നന്ദമൂരി താരക് രത്നത്തിന്‍റെ അന്ത്യചടങ്ങുകളില്‍ ഒന്നിച്ച് എത്തിയ ജൂനിയര്‍ എന്‍ടിആറും ബാലകൃഷ്ണയും തമ്മില്‍ ഒന്ന് നോക്കാതിരുന്നത് പോലും വലിയ വാര്‍ത്തയായിരുന്നു. ഇതിന്‍റെയൊക്കെ തുടര്‍ച്ചയാണ് ബാലയ്യ @50 ലും നടക്കുന്നത് എന്നാണ് വിവരം.
92 ലക്ഷം രൂപയുടെ കാര്‍ മാനസിക പീഡനമായി: കാര്‍ കമ്പനിയോട് 50 കോടി രൂപ ആവശ്യപ്പെട്ട് നടി നിയമനടപടിക്ക്
'ഒന്നിച്ചു മാധ്യങ്ങളെ കാണാൻ മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചതാണ്, അമ്മയിലെ ചിലർ എതിർത്തു'