സുനിൽ സുബ്രഹ്‍മണ്യന്‍ സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന പുതിയ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ ഒടിയന്‍റെ പിറവിയുടെ കഥയെന്ന് അണിയറക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മലയാളം ബിഗ് സ്ക്രീനിലെ ആദ്യ ഒടിയന്‍. ഇപ്പോഴിതാ തിയറ്ററുകളിലോടുന്ന ലോക ചാപ്റ്റര്‍ 1 ചന്ദ്രയിലെ ദുല്‍ഖറിന്‍റെ ഗസ്റ്റ് റോളും ഒരു ഒടിയന്‍റേത് ആയിരുന്നു. ലോക ഫ്രാഞ്ചൈസിയില്‍ മൂന്നാമതായി വരുന്ന ചിത്രവും ചാര്‍ലി എന്ന ദുല്‍ഖറിന്‍റെ ഒടിയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആയിരിക്കും. എന്നാല്‍ അതിന് മുന്‍പ് ഒരു ഒടിയന്‍ മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലേക്ക് എത്താന്‍ ഒരുങ്ങുന്നുണ്ട്. സുനിൽ സുബ്രഹ്‍മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രമാണ് ഇത്. ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ഒടിയങ്കം നാളെ (19, വെള്ളിയാഴ്ച) മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്.

നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഇന്നും ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും. രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ച് ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ, കോഴിക്കോട് ദാസേട്ടൻ, ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒടിയങ്കം. പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഗീതം റിജോഷ്, എഡിറ്റിംഗ് ജിതിൻ ഡി കെ, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ ഡിസൈനർ ഷെയ്ഖ് അഫ്സൽ, ആർട്ട് ഷൈൻ ചന്ദ്രൻ, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് കരുവന്തല, ഡിസൈൻ ബ്ലാക്ക് ഹോൾ, സ്റ്റിൽസ് ബിജു ഗുരുവായൂർ, പ്രമോഷൻ കൺസൾട്ടൻ്റ് മനു കെ തങ്കച്ചൻ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming