സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിൽ സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോ ക്ലിപ്പ് പുറത്ത്. ഒരു മിനിറ്റും പന്ത്രണ്ട് സെക്കന്റും ​ദൈർഘ്യമുള്ള പഴയ വീഡിയോ ക്ലിപ്പാണിത്. തനിക്കേറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ എന്ന് ബിനീഷ് ബാസ്റ്റിൻ ഈ വീഡിയോയിൽ പറയുന്നുണ്ട്. 

വീഡിയോ സംഭാഷണം ഇങ്ങനെ, ''അനിലേട്ടനെ ഇരുത്തിക്കൊണ്ട് പുകഴ്ത്തിപ്പറയുകയാണ് എന്ന് വിചാരിക്കരുത്. എനിക്കറ്റവും ഇഷ്ടപ്പെട്ട ഡയറക്ടർമാരിലൊരാളാണ് അനിലേട്ടൻ. കാരണം ഞാൻ ഒരുപാട് ഡയറക്ടർമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. വലിയ വലിയ നടൻമാരുടെ പടങ്ങളിലാണ് അഭിനയിച്ചേക്കണത്. പക്ഷേ എന്നെക്കാണുമ്പഴൊന്നും ഈ ഡയറക്ടർമാരൊന്നും സംസാരിക്കാറില്ല. സാറിന്റെ പടത്തില്‌ ചെറിയൊരു വേഷം ഞാൻ ചെയ്തിട്ടുണ്ട്. എന്നെ എവിടെ വച്ച് കണ്ടാലും സാറ് മിണ്ടും, സംസാരിക്കും. മമ്മൂക്കയുണ്ടെങ്കിലും ലാലേട്ടൻ ഉണ്ടെങ്കിലും അവരോടൊക്കെ സംസാരിക്കുന്നതു പോലെ എന്നോടും സംസാരിക്കും. മനുഷ്യനെ മനസ്സിലാക്കുന്നതാണ്. അതാണ് മനുഷ്യൻ. അടുത്ത പടത്തിൽ എനിക്ക് ചാൻസ് തന്നില്ലേലും കുഴപ്പമില്ല.'' വീഡിയോയിൽ പറയുന്നു.

"

അനിൽ രാധാകൃഷ്ണ മേനോനും സൗഹൃദത്തോടെ പ്രതികരിക്കുന്നത് വീഡിയോയിൽ‌ കാണാം. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ കോളേജ് ഡേ ദിനത്തിൽ മുഖ്യാതിഥിയായി എത്തിയ ബിനീഷിനൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് പറഞ്ഞതിനെ തുടർന്ന് വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. തന്റെ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി കോളേജ് ഭാരവാഹികൾ അറിയിച്ചെന്ന് ബിനീഷ് പറയുന്നു. എന്നാൽ താൻ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന വിശദീകരണവുമായി അനിൽ രാധാകൃഷ്ണൻ മേനോനും രം​ഗത്ത് വന്നിരുന്നു.