ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകൻ. ചിത്രവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയെന്നാണ് ഒമര്‍ ലുലു വ്യക്തമാക്കിയിരുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ ജോലി തുടങ്ങുന്നുവെന്ന് വ്യക്തമാക്കി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ഒമര്‍ ലുലു.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനാകുന്ന സിനിമ എന്ന നിലയിലാണ് പവര്‍ സ്റ്റാര്‍ വാര്‍ത്തകളില്‍ ശ്രദ്ധേയമായത്. ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുൻ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. പവര്‍ സ്റ്റാര്‍ ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഒക്ടോബറോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നായിരുന്നു നേരത്തെ ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.