സിനിമ പൂര്‍ത്തിയായത് 2023 ല്‍

ചില സംവിധായകരും അഭിനേതാക്കളും ഒന്നിച്ചാലോ എന്ന് സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്ന കോമ്പിനേഷനുകളുണ്ട്. അത്തരത്തില്‍ കൗതുകകരമായ ഒരു കോമ്പിനേഷന്‍ ആയിരിക്കും രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ സിനിമ. എന്നാല്‍ അത്തരത്തില്‍ ഒന്ന് പിന്നണിയില്‍ നാളുകള്‍ക്ക് മുന്‍പ് ആലോചിക്കപ്പെട്ടിരുന്നു എന്നതാണ് സത്യം. പക്ഷേ അത് ഈ കോമ്പിനേഷനില്‍ പിന്നീട് നടക്കാതെപോയി. മറിച്ച് മറ്റൊരു ആക്റ്റര്‍- ഡയറക്ടര്‍ കോമ്പിനേഷനില്‍ അത് നടന്നെങ്കിലും ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല.

രാജീവ് രവിയുടെ ദീര്‍ഘകാല സഹപ്രവര്‍ത്തകനും സംവിധായകനും ഇപ്പോള്‍ നടനുമായ അനുരാഗ് കശ്യപ് ആണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജീവ് രവിയുടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു രാജീവ് രവി. ഇരുവര്‍ക്കുമിടയില്‍ അടുത്ത സൗഹൃദവുമുണ്ട്. താന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കെന്നഡി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് അതിന്‍റെ ആശയം വന്ന വഴിയെക്കുറിച്ച് അനുരാഗ് വെളിപ്പെടുത്തിയത്.

മോഹന്‍ലാലിനെ നായകനാക്കി രാജീവ് രവി ആലോചിച്ച ഒരു ചിത്രത്തിന്‍റെ ആശയത്തില്‍ നിന്നാണ്, അത് നടക്കാതെപോയതോടെ അനുരാഗ് കശ്യപ് കെന്നഡി എന്ന ചിത്രം ഒരുക്കിയത്. രാഹുല്‍ ഭട്ട് ആണ് ചിത്രത്തിലെ നായകന്‍. ബോളിവുഡ് സംവിധായകന്‍ സുധീര്‍ മിശ്രയാണ് രാജീവ് രവിയുടെ ഈ ആശയം തന്നോട് ആദ്യം പറഞ്ഞതെന്നും അനുരാഗ് അഭിമുഖത്തില്‍ പറയുന്നുണ്ട്. കെന്നഡിയിലെ ഉദയ് ഷെട്ടി എന്ന അണ്ടര്‍കവര്‍ പൊലീസ് കഥാപാത്രം ഏറെക്കാലം തന്‍റെ മനസില്‍ തങ്ങിനിന്നെന്നും ഈ കഥാപാത്രത്തെവച്ച് ഒരു വെബ് സിരീസിന് പോലും സാധ്യതയുണ്ടെന്നും അനുരാഗ് പറയുന്നു.

അതേസമയം 2023 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല. പ്രധാന നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസിന്‍റെ സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരള അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ അടക്കം കെന്നഡി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ALSO READ : ജയിൻ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്‍ത 'കാടകം' 14 ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം