സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയ 'കാവല്‍' ടീസറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സുരേഷ് ഗോപിയുടെ ഒരു മാസ് കഥാപാത്രത്തിന് സിനിമാപ്രേമികള്‍ക്കിടയില്‍ എത്രത്തോളം കാത്തിരിപ്പുണ്ടായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു ഈ പ്രതികരണം. 15 ലക്ഷത്തിലധികം കാഴ്‍ചകള്‍ ടീസറിന് ഇതിനകം ലഭിച്ചിട്ടുണ്ട്. 'കസബ'യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. കൊവിഡ് പശ്ചാത്തലം കാരണം നീണ്ടുപോയ ഒരാഴ്‍ചത്തെ ചിത്രീകരണം മാത്രമാണ് സിനിമയ്ക്ക് പൂര്‍ത്തിയാക്കാനുള്ളതെന്നും ഡബ്ബിംഗ് ഉള്‍പ്പെടെ മറ്റു ജോലികളെല്ലാം പൂര്‍ത്തിയായെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

സുരേഷ് ഗോപി പങ്കെടുക്കുന്ന സംഘട്ടന രംഗമാണ് ഈ ഏഴ് ദിവസത്തെ ചിത്രീകരണത്തില്‍ പൂര്‍ത്തിയാക്കേണ്ടത്. ആള്‍ക്കൂട്ടം വേണ്ടിവരുന്ന രംഗങ്ങള്‍ അല്ലെങ്കിലും ഔട്ട്ഡോര്‍ ആയതിനാലാണ് അത് നീണ്ടുപോകുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഔട്ട്ഡോര്‍ ചിത്രീകരണത്തിന് എപ്പോള്‍ അനുമതി ലഭിക്കുന്നോ അപ്പോള്‍ ആരംഭിക്കാനാണ് അണിയറക്കാരുടെ തീരുമാനം. മാഫിയ ശശിയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. 

 

സുരേഷ് ഗോപിക്കൊപ്പം ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് ചിത്രത്തില്‍. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.