ലിസ്റ്റിലെ ആദ്യ താരം ഈ നേട്ടമുണ്ടാക്കിയത് 2023 ല്‍
ഒരു വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ഒരു കാലത്ത് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് മാത്രമായിരുന്നെങ്കില്‍ ഇന്ന് ആ കുത്തക ഹിന്ദി സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ബാഹുബലി മുതലിങ്ങോട്ട് ബോക്സ് ഓഫീസ് കണക്കുകളില്‍ തെന്നിന്ത്യന്‍ സിനിമകളും കളം നിറയുന്നുണ്ട്. മാര്‍ക്കറ്റും കളക്ഷനുമൊക്കെ വലുതാവുന്നതനുസരിച്ച് കൗതുകകരമായ പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ കൗതുകകരമായ ഒരു ബോക്സ് ഓഫീസ് കണക്കും പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഒരേ വര്‍ഷം തങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ ചേര്‍ത്ത് 2000 കോടിക്ക് മുകളില്‍ കളക്ഷന്‍ വന്ന നടന്മാരുടെ ലിസ്റ്റ് ആണ് അത്.
ക്ലബ്ബിലെ പുതിയ എന്‍ട്രി
ഇതുവരെ ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു താരം മാത്രം ഉണ്ടായിരുന്ന ക്ലബ്ബ് ആണ് അത്. ഷാരൂഖ് ഖാന്‍ ആയിരുന്നു ആ താരം. ഇപ്പോഴിതാ മറ്റൊരു നടന്‍ കൂടി അതിന്‍റെ ഭാഗമായിരിക്കുന്നു. ബോളിവുഡ് താരം അക്ഷയ് ഖന്നയ്ക്കാണ് ഈ ഭാഗ്യം കൈവന്നിരിക്കുന്നത്. നായകനായി അല്ലെങ്കിലും അക്ഷയ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയത്. ഛാവ, ധുരന്ദര്‍ എന്നീ ചിത്രങ്ങളാണ് അവ. രണ്ട് ചിത്രങ്ങളിലും നായകന്മാര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ അക്ഷയ് ഖന്നയുടേത് ആയിരുന്നു. വിക്കി കൗശല്‍ നായകനായ ഛാവയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ആയാണ് അക്ഷയ് എത്തിയത്. രണ്‍വീര്‍ സിംഗ് നായകനായ ധുരന്ദറില്‍ ആവട്ടെ റഹ്‍മാന്‍ ദകായിട്ട് എന്ന കഥാപാത്രമായും.
രണ്ട് ചിത്രങ്ങള്‍
ഛാവ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 800 കോടിയോളമാണ് നേടിയതെങ്കില്‍ ധുരന്ദര്‍ ആവട്ടെ 1200 കോടി പിന്നിട്ടിരിക്കുന്നു. ഇരുചിത്രങ്ങളും ചേര്‍ന്ന് നേടിയത് 2000 കോടിക്ക് മുകളിലും. അക്ഷയ് ഖന്നയുടെ താരമൂല്യം ഇത് ഉയര്‍ത്തുമെന്നത് ഉറപ്പാണ്. അദ്ദേഹം തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.
അതേസമയം 2023 ലാണ് ഷാരൂഖ് ഖാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. തന്‍റേതായി റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളിലൂടെയാണ് 2000 കോടിയുടെ ബോക്സ് ഓഫീസ് നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. പഠാന്‍, ജവാന്‍, ഡങ്കി എന്നിവയായിരുന്നു ചിത്രങ്ങള്‍. കരിയറിലെ തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവുമായിരുന്നു ഇത്.



