തമിഴ്‍നാട്ടില്‍ താരങ്ങളെ തരംതിരിച്ച് തീയേറ്റര്‍ ഉടമകള്‍. ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗങ്ങളിലായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. തമിഴ്‍നാട് തീയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്സ് അസോസിയേഷനുകളുമാണ് താരങ്ങളെ തരംതിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലാഭവിഹിതം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് ഇത്. താരങ്ങളെ തരംതിരിക്കുന്നത് സംബന്ധിച്ച് ഇവര്‍ തയ്യാറാക്കിയ കുറിപ്പ് ചോര്‍ന്നു.

ആരാധകരുടെയും മാര്‍ക്കറ്റ് വാല്യുവിന്റെയും അടിസ്ഥാനത്തിലാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. രജനികാന്ത്, അജിത്,വിജയ് എന്നിവരാണ് ഒന്നാം നിരയിലുള്ളത്. സൂര്യ, ധനുഷ്, ജയം രവി, ശിവകാര്‍ത്തികേയൻ എന്നിവര്‍ രണ്ടാം നിരയിലും. മറ്റുള്ളവര്‍ മൂന്നാം നിരയിലും എന്നാണ് തരംതിരിച്ചിരിക്കുന്നത്. ഓപ്പണിംഗ് ദിവസം കൂടുതല്‍ കളക്ഷൻ നേടുന്നതില്‍ കൂടുതല്‍ സാധ്യതയുള്ള താരങ്ങളാണ് ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഓരോ നിരയിലുമുള്ള താരങ്ങളുടെ സിനിമയ്‍ക്ക് ഓരോ രീതിയില്‍ ലാഭവിഹിതം നല്‍കാനാണ് തീരുമാനം. ഉദാഹരണത്തിന് ഒന്നാം നിരയിലെ താരത്തിന്റെ ആദ്യ ആഴ്‍ചയിലെ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന്, എ തീയേറ്ററുകളില്‍ നിന്ന് അതാത് നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനം ലാഭവിഹിതവും ബിയും സിയും സെന്ററുകളില്‍ നിന്ന് 65 ശതമാനവും ലാഭവിഹിതം നല്‍കാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം നിരയിലെ താരങ്ങളുടെ സിനിമകള്‍ക്ക് അത് യഥാക്രമം 55 ശതമാവും 60 ശതമാനവും ആകും.  നിലവില്‍ വലിയ നഷ്‍ടം നേരിടേണ്ടി വരുന്നുണ്ടെന്നും ലാഭവിഹിതം സംബന്ധിച്ച് കൃത്യമായ വ്യവസ്‍ഥയില്ലെന്നുമാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. വലിയ താരങ്ങളുടെ സിനിമകള്‍ക്ക് 65- 70 ശതമാനം ലാഭവിഹിതം നല്‍കേണ്ടി വരുന്നുണ്ടെന്നും അത് നഷ്‍ടത്തിന് കാരണമാകുന്നുണ്ടെന്നുമാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്.