പ്രധാന സെന്‍റുകളില്‍ 75 ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്

കൊവിഡ് അനന്തരം തിയറ്ററുകളിലെത്തി സ്ലീപ്പര്‍ ഹിറ്റ് ആയി മാറിയ ക്രൈം ത്രില്ലര്‍ ചിത്രം 'ഓപ്പറേഷന്‍ ജാവ' ബോളിവുഡിലേക്ക്. ചിത്രത്തിന്‍റെ റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങളുടെ വില്‍പ്പനയാണ് നടന്നത്. മലയാളം ഒറിജിനല്‍ ഒരുക്കിയ തരുണ്‍ മൂര്‍ത്തി തന്നെയാവും റീമേക്കിന്‍റെയും സംവിധാനം.

കൊവിഡ് ആദ്യതരംഗത്തിനും ലോക്ക് ഡൗണിനും പിന്നാലെ തിയറ്ററുകള്‍ തുറന്നെങ്കിലും സെക്കന്‍റ് ഷോ പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാല്‍ പല സൂപ്പര്‍താര ചിത്രങ്ങളും മടിച്ചുനിന്നപ്പോഴാണ് 'ഓപ്പറേഷന്‍ ജാവ'യുടെ തിയറ്ററുകളിലേക്കുള്ള വരവ്. വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പതിയെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുകയായിരുന്നു. പ്രധാന സെന്‍റുകളില്‍ 75 ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്.

തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും. 

ALSO READ: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌