രതീഷ് വേഗയാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ജയസൂര്യ ചിത്രം 'ഓപ്പറേഷൻ ത്രാൾ' പാക്കപ്പായി. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്‍റെ സന്തതികൾ' തുടങ്ങിയ സിനിമകളൊരുക്കിയ ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും 'ഓപ്പറേഷൻ ത്രാൾ' റിലീസ് ഉറ്റുനോക്കുന്നത്.
ബിഗ് ബജറ്റിൽ, മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ചിത്രമായി ഒരുങ്ങുന്ന 'ഓപ്പറേഷൻ ത്രാൾ' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സിനിമാലോകത്ത് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്‍ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്‌ടാണ് ഓപ്പറേഷൻ ത്രാൾ എന്നാണ് ലഭിക്കുന്ന സൂചനകള്‍. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തിറങ്ങിയിരുന്നു. നാഷണൽ ഇന്‍റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്‍ണ, സൗണ്ട് മിക്‌സിംഗ്: എം.ആർ. രാജകൃഷ്‍ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്‍റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
