ദില്ലി: ഈ വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നാമനിർദ്ദേശത്തിനായുള്ള അന്തിമ പട്ടികയിൽ ഇടംനേടാനാകാതെ ബോളിവുഡ് ചിത്രം ഗല്ലി ബോയ്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിരുന്ന ചിത്രമായിരുന്നു സോയ അക്തർ സംവിധാനം ചെയ്ത ഗല്ലി ബോയ്. രൺവീർ സിം​ഗും ആലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

ഈ വര്‍ഷം ഫെബ്രുവരി 14നാണ് ​ഗല്ലി ബോയ് ഇന്ത്യയിലെ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. മ്യൂസിക്കല്‍-ഡ്രാമ വിഭാ​ഗത്തിൽപ്പെട്ട ചിത്രം മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് പറയുന്നത്. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. 

Read More: 'ഗള്ളി ബോയ്' ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി

92-ാമത് ഓസ്കാർ പുരസ്കാരത്തിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമ പട്ടികയിൽ പത്ത് ചിത്രങ്ങളാണ് ഇടംനേടിയത്. ​ഗല്ലി ബോയ് ഉൾപ്പടെ 91 ചിത്രങ്ങളാണ് ഈ വിഭാ​ഗത്തിൽ ഓസ്കാർ എൻട്രിയ്ക്ക് അർഹത നേടിയിരുന്നത്. ദി പെയിന്റഡ് ബേർഡ് (ചെക്ക് റിപ്പബ്ലിക്), ട്രൂത്ത് ആൻഡ് ജസ്റ്റിസ് (എസ്റ്റോണിയ), ലെ മിസറബിൾസ് (ഫ്രാൻസ്), ദോസ് ഹൂ റീനെയ്മ്ഡ് (ഹംഗറി), ഹണി ലാൻഡ് (നോർത്ത് മാസിഡോണിയ), കോർപ്പസ് ക്രിസ്റ്റി (പോളണ്ട്), ബീൻ‌പോൾ (റഷ്യ), അറ്റ്ലാന്റിക്സ് (സെനഗൽ), പാരസൈറ്റ് (ദക്ഷിണ കൊറിയ) പെയ്ൻ ആന്റ് ​ഗ്ലാറി (സ്പെയൻ) എന്നിവായണ് ആദ്യ പത്തിൽ ഇടംനേടിയ ചിത്രങ്ങള്‍.