തമിഴ് സിനിമയുടെ തകർച്ചയ്ക്ക് കാരണം താനും വെട്രിമാരനും മാരി സെൽവരാജുമാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പാ രഞ്ജിത്ത്. മറ്റ് ഭാഷാ ചിത്രങ്ങൾ ഹിറ്റാകുമ്പോൾ കുറ്റം തങ്ങൾക്കാണെന്ന് അദ്ദേഹം പറയുന്നു.
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരാണ് പാ രഞ്ജിത്ത്, വെട്രിമാരൻ, മാരി സെൽവരാജ് എന്നിവർ. തങ്ങളുടെ സിനിമയിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുകയും തമിഴ് സിനിമയിൽ പുതിയൊരു സിനിമാ സംസ്കാരത്തിന് തുടക്കം കുറിച്ചതിലും മൂവരുടെയും പങ്ക് വലുതാണ്. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സംവിധായകൻ പാ രഞ്ജിത്ത്. മാറ്റ് ഭാഷകളിൽ സിനിമകൾ ഹിറ്റായാൽ കുറ്റം തങ്ങൾക്കാണെന്നും, വര്ഷങ്ങളുടെ ഇടവേളയിൽ സിനിമകൾ ചെയ്യുന്ന സിനിമകൾ കാരണം എങ്ങനെയാണ് തമിഴ് ഫിലിം ഇൻഡസ്ട്രി തരുന്നത് എന്നുമാണ് പാ രഞ്ജിത്ത് ചോദിക്കുന്നത്.
ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നോ?
"ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നേയില്ല. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി സെൽവരാജ് ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്. വെട്രിമാരൻ സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് അറുന്നൂറ് സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. ഞാന്‍ ആകെ ചെയ്തത് ഏഴ് സിനിമയാണ്. ഈ ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ? മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷരെന്താണ് ചെയ്യുന്നത്?" മാരി സെൽവരാജ് ചിത്രം ബൈസൺ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.
ധ്രുവ് വിക്രം നായകനായി എത്തിയ ബൈസൺ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് പാ രഞ്ജിത്ത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. കൂടാതെ മലയാളത്തിൽ നിന്നും രജീഷ് വിജയൻ, ലാൽ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. പശുപതി, അമീർ എന്നിവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്.



