Asianet News MalayalamAsianet News Malayalam

'കെജിഎഫ്' പശ്ചാത്തലമാക്കാന്‍ പാ രഞ്ജിത്ത്; വിക്രം ചിത്രത്തിന് തുടക്കം

യഷ് നായകനായ കന്നഡ ചിത്രം കെജിഎഫില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കും ഈ ചിത്രം

pa ranjith vikram movie starts with pooja ceremony in chennai
Author
Thiruvananthapuram, First Published Jul 16, 2022, 1:44 PM IST

പാ രഞ്ജിത്തിന്‍റെ (Pa Ranjith) സംവിധാനത്തില്‍ വിക്രം (Vikram) നായകനാവുന്ന സിനിമ പൂജ ചടങ്ങുകളോടെ ചെന്നൈയില്‍ ആരംഭിച്ചു. സ്റ്റുഡിയോ ഗ്രാനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. എന്നാല്‍ യഷ് നായകനായ കന്നഡ ചിത്രം കെജിഎഫില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കും ഈ ചിത്രം.

തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പിആർഒ ശബരി.

സര്‍പട്ട പരമ്പരൈക്കു ശേഷം പല ചിത്രങ്ങളും പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2021 ഡിസംബറിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് അത്. പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് 3ഡി പതിപ്പും ഉണ്ടാവും. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ നേരത്തെ പറഞ്ഞത്. 

ALSO READ : സംവിധായകന്‍ കെ പി കുമാരന് ജെ സി ഡാനിയേല്‍ പുരസ്‍കാരം

അതേസമയം പാ രഞ്ജിത്തിന്‍റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ 'സര്‍പട്ട പരമ്പരൈ' വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'നച്ചത്തിരം നഗര്‍ഗിരത്' എന്ന ചിത്രവും പാ രഞ്ജിത്തിന്റേതായി പുറത്തുവരാനുണ്ട്. അതേസമയം അജയ് ജ്ഞാനമുത്തുവിന്‍റെ 'കോബ്ര', മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് വിക്രത്തിന്‍റേതായി അണിയറയില്‍ തയ്യാറെടുക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios