ഈ മാസാവസാനം ചിത്രീകരണം ആരംഭിക്കും

പ്രശസ്‍ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിന്‍റെ (Pa Ranjith) പുതിയ ചിത്രത്തില്‍ വിക്രം (Vikram) നായകന്‍. ഇങ്ങനെയൊരു പ്രോജക്റ്റിനെക്കുറിച്ച് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്തിടെ കമല്‍ ഹാസനുമായും പാ രഞ്ജിത്ത് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം വരുന്നതായും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ വിക്രം ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമാകും പാ രഞ്ജിത്ത് കമല്‍ ഹാസന്‍ ചിത്രത്തിലേക്ക് കടക്കുക.

വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രമാണ് (Chiyaan 61) പാ രഞ്ജിത്തിനൊപ്പമുള്ള ചിത്രം. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം. സ്റ്റുഡിയോ ഗ്രീനിന്‍റെ 23-ാം പ്രൊഡക്ഷനുമാണ് ഇത്. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Scroll to load tweet…

ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ 'സര്‍പട്ട പരമ്പരൈ'യാണ് പാ രഞ്ജിത്തിന്‍റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ആര്യ നായകനായ ഈ ചിത്രം വന്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. പിന്നാലെ അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'നച്ചത്തിരം നഗര്‍ഗിരത്' എന്ന ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം അജയ് ജ്ഞാനമുത്തുവിന്‍റെ 'കോബ്ര'യിലാണ് വിക്രം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം ഫൈനല്‍ ഷെഡ്യൂളിലാണ്. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനും കാര്‍ത്തിക് സുബ്ബരാജിന്‍റെ മഹാനും പൂര്‍ത്തിയാക്കിയിട്ടുണ്ട് വിക്രം.