Asianet News MalayalamAsianet News Malayalam

'പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് വിശ്വസിക്കുന്നില്ല'; 'മാമാങ്ക'ത്തിനെതിരായ ഡീഗ്രേഡിംഗിനെക്കുറിച്ച് എം പത്മകുമാര്‍

'ഒടിയന്‍ എന്ന സിനിമയ്‌ക്കെതിരേ ഡീഗ്രേഡിംഗ് ഉണ്ടായി. അതിനുശേഷം ഈ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. പക്ഷേ...'

padmakumar about degrading against mamangam
Author
Thiruvananthapuram, First Published Dec 15, 2019, 3:51 PM IST

മമ്മൂട്ടി നായകനായ 'മാമാങ്കം' സിനിമയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന നെഗറ്റീവ് പ്രചരണങ്ങള്‍ക്ക് പിന്നില്‍ മോഹന്‍ലാല്‍ ആരാധകരാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാര്‍. സമൂഹത്തിലെ ചില കുബുദ്ധികള്‍ ചെയ്യുന്ന കാര്യമായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും സൈബര്‍ സെല്ലില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാമാങ്ക'ത്തിനെതിരായ ഡീഗ്രേഡിംഗിനെക്കുറിച്ച് എം പത്മകുമാര്‍

'സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് റിവ്യൂസും നെഗറ്റീവ് ട്രോളുകളും പ്ലാന്‍ഡ് ആയി നടക്കുന്ന കാര്യങ്ങളാണ്. സ്ഥിരമായി മമ്മൂട്ടി സിനിമ ഇറങ്ങുമ്പോള്‍ രണ്ട് പക്ഷത്തുള്ള ആളുകള്‍ ചെയ്യുന്ന കാര്യമായാണ് ഇവ പൊതുവെ പറയപ്പെടുന്നത്. ഒടിയന്‍ എന്ന സിനിമയ്‌ക്കെതിരേ ഡീഗ്രേഡിംഗ് ഉണ്ടായി. അതിനുശേഷം ഈ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. പക്ഷേ അതിനുശേഷം മമ്മൂക്കയുടെ കുറേ സിനിമകള്‍ റിലീസായി. അവയ്‌ക്കൊന്നും ഈ പറഞ്ഞ പ്രശ്‌നം ഉണ്ടായിട്ടില്ല. മാമാങ്കത്തിന് മാത്രമാണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടായത്. മോഹന്‍ലാല്‍ ഫാന്‍സ് ആണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നില്ല. മോഹന്‍ലാല്‍ ഫാന്‍സുമായി ബന്ധപ്പെട്ട ആളുകള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല. കാരണം ഒരു മമ്മൂട്ടി സിനിമയായല്ല മാമാങ്കം എത്തിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിക്ക് മമ്മൂട്ടിയുമായോ മോഹന്‍ലാലുമായോ വ്യക്തിപരമായ ബന്ധങ്ങളൊന്നും ഇല്ല. അതുപോലെ ഞാന്‍ ലാലേട്ടനെ വെച്ചും മമ്മൂക്കയെ വെച്ചും സിനിമ ചെയ്യുന്ന ആളുമാണ്. അതുകൊണ്ട് നമ്മുടെ സിനിമയെ വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ട കാര്യം വരുന്നില്ല. സമൂഹത്തിലെ ചില കുബുദ്ധികള്‍ ചെയ്യുന്ന കാര്യമായിട്ടാണ് ഡിഗ്രേഡിംഗിനെ ഞങ്ങള്‍ നോക്കിക്കാണുന്നത്. ആദ്യ രണ്ട് ദിവസം അത് കാര്യമായി ഉണ്ടായിരുന്നു. ഇന്നും ഇന്നലെയുമായി അത് കുറഞ്ഞിട്ടുണ്ട്. എന്തായാലും അവര്‍ക്ക് പിന്‍വാങ്ങിയേ പറ്റൂ. കാരണം ഒരു സിനിമയെ അങ്ങനെ നശിപ്പിക്കാന്‍ പറ്റില്ല.' സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം 45 രാജ്യങ്ങളിലെ രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട 'മാമാങ്കം' ആദ്യദിനത്തില്‍ 23.7 കോടി നേടിയതായാണ് ഔദ്യോഗിക കണക്ക്. ചിത്രത്തിന്റെ കഴിഞ്ഞ ദിനങ്ങളിലെ കളക്ഷന്‍ വൈകാതെ പുറത്തുവിടുമെന്നും അണിയറക്കാര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios