Asianet News MalayalamAsianet News Malayalam

'നല്ല ക്ലാരിറ്റി, എനിക്ക് ബഹുമാനം തോന്നി'; അലക്സാണ്ടർ പ്രശാന്തിന്‍റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് പത്മപ്രിയ

"അലക്സാണ്ടറിനെപ്പോലെയുള്ള ഇനിയും ഏറെപ്പേര്‍ സിനിമാ രംഗത്ത് ഉണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്"

padmapriya says she felt respect for Alexander Prasanth for what he said
Author
First Published Sep 3, 2024, 3:30 PM IST | Last Updated Sep 3, 2024, 3:30 PM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ മീ ‍ടൂ ആരോപണങ്ങളും വലിയ ചര്‍ച്ചയായതിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്നും കേട്ട വേറിട്ട ശബ്ദങ്ങളില്‍ ഒന്നായിരുന്നു നടന്‍ അലക്സാണ്ടര്‍ പ്രശാന്തിന്‍റേത്. സിനിമയിലെ ലിംഗപരമായ വേര്‍തിരിവിനെക്കുറിച്ചും അധികാരത്തിന്‍റെ ഉപയോഗത്തെക്കുറിച്ചുമൊക്കെ ലളിതമായാണ് അലക്സാണ്ടര്‍ പ്രശാന്ത് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചത്. കുട്ടിക്കാലത്തെ ചില സ്വാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ അലക്സാണ്ടര്‍ പ്രശാന്തിന്‍റെ അഭിപ്രായങ്ങളില്‍ തോന്നിയ മതിപ്പിനെക്കുറിച്ച് പറയുകയാണ് നടി പത്മപ്രിയ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യം പറയുന്നത്. അലക്സാണ്ടറിനെപ്പോലെ ഇനിയും ആളുകള്‍ ചലച്ചിത്രലോകത്ത് ഉണ്ടെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

"നടന്‍ അലക്സാണ്ടര്‍ പ്രശാന്തിന്‍റെ ഒരു അഭിമുഖം ഞാന്‍ ഈയിടെ കണ്ടിരുന്നു. വളരെ ക്ലാരിറ്റിയോടെയാണ് അദ്ദേഹം സംസാരിച്ചത്. സംവിധാനത്തിലൂടെ ആളുകള്‍ക്കുള്ള പേടി മാറിയതുകൊണ്ട് മാത്രം കാര്യമില്ല. പരാതിയുമായി എത്തുന്നവരെ കേള്‍ക്കാനുള്ള ധൈര്യം നമുക്കുണ്ടാവണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് വലിയ ബഹുമാനം തോന്നി അദ്ദേഹത്തോട്. അലക്സാണ്ടറിനെപ്പോലെയുള്ള ഇനിയും ഏറെപ്പേര്‍ സിനിമാ രംഗത്ത് ഉണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്." 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ ഒന്ന് ആളുകളില്‍ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു- "ഞാന്‍ ഒപ്പം ജോലി ചെയ്ത കുറേ നല്ല ആളുകള്‍ ഉണ്ട്. ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ ചില സംവിധായകരൊക്കെ പറഞ്ഞു, നിങ്ങള്‍ ചിലതൊക്കെ കൂടുതലായി ഹൈലൈറ്റ് ചെയ്യുന്നു എന്ന്. അന്ന് അവരെ കാര്യങ്ങള്‍ വിശദീകരിച്ച് മനസിലാക്കാന്‍ എനിക്കുതന്നെ സാധിക്കില്ലായിരുന്നു. പക്ഷേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അത്തരം ആളുകള്‍ തന്നെ തിരിച്ച് മെസേജ് അയച്ചു, സോറി അന്ന് നിങ്ങളുടെ കാഴ്ചപ്പാട് മനസിലായില്ലെന്ന്. ആ മാറ്റം വളരെ പ്രധാനമാണ്. സിനിമാസംഘടനകള്‍ ആ മാറ്റത്തിനൊപ്പം നില്‍ക്കുന്നതാണ് അവര്‍ക്കും നല്ലത്", പത്മപ്രിയ പറയുന്നു.

ALSO READ : ഓണം നേടാന്‍ ആസിഫ് അലി; 'കിഷ്‍കിന്ധാ കാണ്ഡം' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios