പൗരത്വ ഭേദഗതിക്കെതിരേ തന്റെ സംസ്ഥാനത്ത് പ്രതിഷേധം കത്തുമ്പോള്‍ സംഗീതനിശയില്‍ പങ്കെടുക്കാനാവില്ലെന്ന് അസമില്‍ നിന്നുള്ള ഗായകന്‍ പാപോണ്‍ അംഗരാഗ്. പാപോണ്‍ പങ്കെടുക്കാനിരുന്ന സംഗീത പരിപാടി ദില്ലിയില്‍ ഈ വാരാന്ത്യത്തിലേക്ക് നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സ്വന്തം നാട് കര്‍ഫ്യൂവില്‍ ആയിരിക്കുമ്പോള്‍ താന്‍ പാടാനുള്ള മാനസികാവസ്ഥയിലല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതനുസരിച്ച് സംഘാടകര്‍ പരിപാടി മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.

'പ്രിയ ദില്ലി, നേരത്തേ തീരുമാനിച്ചിരുന്നതനുസരിച്ചുള്ള സംഗീതനിശയില്‍ നിന്ന് പിന്മാറിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ സംസ്ഥാനമായ അസം കത്തുകയാണ്. കരയുകയാണ്. അവിടം കര്‍ഫ്യൂവിലുമാണ്. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എനിക്ക് നിങ്ങളെ വിനോദിപ്പിക്കാനാവില്ല. ഇത് ശറിയല്ലെന്ന് എനിക്കറിയാം. നിങ്ങള്‍ ഏറെ മുന്‍പേ ടിക്കറ്റ് എടുത്തിരിക്കും. അക്കാര്യം സംഘാടകര്‍ വേണ്ടതുപോലെ പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നു. ഉറപ്പ് നല്‍കിയിരുന്നതുപോലെ ഒരിക്കല്‍ അവിടെവന്ന് നിങ്ങളെയെല്ലാം ഞാന്‍ കാണും. നിങ്ങള്‍ക്ക് മനസിലാകുമെന്ന് കരുതുന്നു', പാപോണ്‍ ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു. ദം ലഗാ കെ ഹെയ്ഷ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഹിന്ദി ബെല്‍റ്റില്‍ ഏറെ ജനപ്രിയനാണ് പാപോണ്‍ അംഗരാഗ്. 

അസമില്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന സംഘര്‍ഷത്തിന് അയവുള്ള ദിവസമായിരുന്നു ഇന്ന്.