ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഓസ്‍കര്‍ അവാര്‍ഡുകള്‍. ഓരോ വര്‍ഷവും ഓസ്‍കര്‍ ലഭിക്കുന്ന സിനിമകള്‍ ഏതൊക്കെയെന്ന് തിരഞ്ഞുപിടിച്ച് കാണുന്നവരും കുറവല്ല. ഓസ്‍കറിന് സിനിമയുടെ പ്രേക്ഷകാഭിരുചി നിര്‍ണ്ണയിക്കുന്നതില്‍ അത്ര പ്രാധാന്യമുണ്ട്. പുതിയ ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ പ്രത്യേകതകളുണ്ട്. ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റാണ് പ്രത്യേകതകളില്‍ ഒന്ന്.

ഗോള്‍ഡൻ ഗ്ലോബ് പുരസ്‍കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരവും പാം ദി ഓര്‍ പുരസ്‍കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്. മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‍കര്‍ നോമിനേഷൻ ആണ് പാരസൈറ്റ് നേടിയിട്ടുള്ളത്. അങ്ങനെ ഇരട്ട ഓസ്‍കര്‍ നോമിനേഷൻ നേടുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയൻ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍ നോമിനേഷൻ നേടുന്നത്. ഓസ്‍കറിന്റെ ചരിത്രത്തില്‍ ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടിയിട്ടില്ല. ബോംഗ് ജൂൻ ഹൊയാണ് പാരസൈറ്റ് സംവിധാനം ചെയ്‍തിരിക്കുന്നത്. ആറ് ഓസ്‍കര്‍ നോമിനേഷനുകളാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള നോമിനേഷനാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്.