മട്ടന്നൂർ: നിവിൻ പോളി നായകനായെത്തുന്ന 'പടവെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഷണം. കാറിലെത്തിയ നാലം​ഗസംഘം സെറ്റിലെത്തി പൊറോട്ടയും ചിക്കനും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ മട്ടന്നൂർ കഞ്ഞിലേരിയിലായിരുന്നു സംഭവം. 

അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ഭക്ഷണവുമായാണ് സംഘം കടന്നത്. ഏകദേശം എൺപതുപേർക്കുള്ള ഭക്ഷണമാണ് സംഘം മോഷ്ടിച്ചതെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ഇതിനിടെ ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സമീപവാസിയായ അമല്‍ എന്ന യുവാവിനെ സംഘം മർദ്ദിച്ചതായി പൊലീസിൽ പരാതി നൽ‌കി. അമലിനെ അക്രമിച്ചതിന് ശേഷമാണ് സംഘം പ്രദേശത്തുനിന്നും കടന്നത്. പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് മാലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിവിനെ നായകനാക്കി സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രമാണ് പടവെട്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ലിജു കൃഷ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ അഥിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക.

'വിശപ്പാണ് പ്രശ്നമെങ്കിൽ പൊറുക്കണം, മറിച്ചാണെങ്കിൽ സിനിമ പ്രവർത്തകരുടെ വിശപ്പ് പരിഗണിച്ച് അർഹമായ ശിക്ഷ കൊടുക്കണം'- അനുരാജ് മനോഹർ

നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തി നാലം​ഗസംഘം ഭക്ഷണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അനുരാജ് മനോഹർ. വിശാപ്പാണ് പ്രശ്നമെങ്കിൽ പരിഹരിക്കാമെന്നും അല്ലെങ്കിൽ കുത്തിക്കഴപ്പാണ് പ്രശ്നമെങ്കിൽ രാപ്പകൽ അധ്വാനിക്കുന്ന സിനിമ പ്രവർത്തകരുടെ വിശപ്പ് പരിഗണിച്ച് അർഹമായ ശിക്ഷ കൊടുക്കണം അനുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മോഷ്ടാക്കളെ കണ്ടെത്തണമെന്നും നാടിന് അപമാനമാണെന്നും അനുരാജ് കുറിച്ചു.