പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് പാര്‍വതിയും. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരുന്നു. ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു പാര്‍വ്വതി തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. പൊലീസ് നടത്തുന്നതാണ് 'തീവ്രവാദം' എന്ന നിലയ്ക്കായിരുന്നു പോസ്റ്റ്. ഒപ്പം 'ജാമിയയ്‌ക്കൊപ്പം നില്‍ക്കുക' എന്ന ഹാഷ് ടാഗും പാര്‍വ്വതി ഉപയോഗിച്ചു.

അതേസമയം ഇന്ന് മുംബൈയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി. ശബാന ആസ്മി, ദിയ മിര്‍സ, റിച്ച ഛദ്ദ തുടങ്ങി നിരവധി പേര്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തി.