മീ ടൂ ആരോപണ വിധേയനായ അലൻസിയറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പാർവതി തിരുവോത്ത് വിശദീകരിക്കുന്നു.
കൊച്ചി: മലയാള സിനിമയില്‍ അഭിനയത്തില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ക്കൊപ്പം തന്‍റെ നിലപാട് കൊണ്ട് ശ്രദ്ധ നേടുന്ന താരമാണ് പാര്‍വതി തിരുവോത്ത്. സിനിമ രംഗത്തെ സ്ത്രീ വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുത്ത പാര്‍വതി താന്‍ അടുത്തകാലത്ത് നേരിട്ട ഒരു വിമര്‍ശനത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍.
മീടു ആരോപണം നേരിട്ട നടന്‍ അലന്‍സിയറിനൊപ്പം ശക്തമായ നിലപാടുകള്‍ എടുക്കുന്ന പാര്‍വതി അഭിനയിച്ചത് എങ്ങനെ എന്ന ചോദ്യത്തിനാണ് നടി മറുപടി പറയുന്നത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കുന്നത്.
താന്‍ കലയെയും കലാകാരനെയും രണ്ടായി കാണുന്നുണ്ടെന്ന് പാര്‍വതി പറയുന്നു. നിര്‍മ്മാതാവ് ഞാന്‍ ആണെങ്കില്‍ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എന്‍റെ എംപ്ലോയര്‍ ആരെ കാസ്റ്റ് ചെയ്യുന്നു എന്നതില്‍ ജോലി ചെയ്യുന്ന എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത് പ്രൊഡ്യൂസറാണെങ്കില്‍ ഞാന്‍ മറുപടി പറയും.
അപ്പോള്‍ ഉത്തരം നല്‍കേണ്ടത് എന്‍റെ ചുമതലയാണ്. പക്ഷെ നടിയെന്ന നിലയില്‍ എന്നോട് ചോദിക്കുന്നതില്‍ ന്യായമില്ല. അതില്‍ തീരുമാനം എടുക്കാനുള്ള പവര്‍ എനിക്കില്ല. എന്നാല്‍ നിര്‍മ്മാതാവുമായും സംവിധായകനുമായി ഒരു സംഭാഷണം നടക്കും. അയാളെ കാസ്റ്റ് ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. അവര്‍ അതില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ആ കുറ്റവാളി വരും പോലെ ഞാനും വരും ജോലി ചെയ്യും.
ഈ കാര്യത്തില്‍ നീതിക്ക് വേണ്ടി പ്രയാത്നിക്കുന്ന എനിക്കല്ല, കുറ്റം ചെയ്തയാള്‍ക്കാണ് കുറ്റബോധം വേണ്ടത്. കുറ്റവാളിക്ക് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്നത് എനിക്ക് ജോലി ചെയ്യാന്‍ അവസരം നഷ്ടപ്പെടത്തുന്നു എന്നത് ശരിയല്ലെന്നും പാര്‍വതി പറഞ്ഞു.
തനിക്ക് ഏറെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പാര്‍വതി ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ ഹിറ്റുകള്‍ ചെയ്തിട്ടും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പലര്‍ക്കും ഒപ്പം എന്നെ മനപൂര്‍വ്വം കാസ്റ്റ് ചെയ്യാറില്ലെന്നും പാര്‍വതി പറയുന്നു.
ഉള്ളൊഴുക്ക്, മനോരഥങ്ങള്‍, തമിഴില്‍ തങ്കലാന്‍ എന്നിവയാണ് പാര്‍വതി അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍. ഉള്ളൊഴുക്കില്‍ അലന്‍സിയറിനൊപ്പം പാര്‍വതി അഭിനയിച്ചിരുന്നു.
ആരാധകരുടെ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് 'ജന നായകന്‍' എഡിറ്റര്‍: വിജയ് നല്‍കിയ മറുപടി വൈറല്‍ !
