പാര്‍വ്വതിയെ മത്സരരംഗത്തേക്ക് കൊണ്ടുവരാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നുണ്ടെന്നും നേതാക്കള്‍ നടിയുമായി ചര്‍ച്ച നടത്തിയെന്നും പ്രചരണമുണ്ടായിരുന്നു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കാന്‍ താന്‍ ഒരുങ്ങുന്നതായ പ്രചരണം അടിസ്ഥാനരഹിതമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു. സമാനമായ ഒരു വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

പാര്‍വ്വതിയെ മത്സരരംഗത്തേക്ക് കൊണ്ടുവരാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നുണ്ടെന്നും നേതാക്കള്‍ നടിയുമായി ചര്‍ച്ച നടത്തിയെന്നും പ്രചരണമുണ്ടായിരുന്നു. യുവ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള താരം എന്ന നിലയിലാണ് എല്‍ഡിഎഫ് പാര്‍വ്വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെയാണ് തള്ളിക്കളഞ്ഞുകൊണ്ട് പാര്‍വ്വതി രംഗത്തുവന്നിരിക്കുന്നത്.

Scroll to load tweet…

തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത താരമാണ് പാര്‍വ്വതി. നടി അക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ 'അമ്മ'യുടെ നിലപാടിനെ ചോദ്യം ചെയ്ത് പാര്‍വ്വതി സംഘടനയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം രാജി വച്ചിരുന്നു. മലയാളസിനിമയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ച് പലപ്പോഴും തുറന്നടിച്ചിട്ടുമുണ്ട് അവര്‍. രാജ്യത്തെ കര്‍ഷകസമരത്തെക്കുറിച്ചും പാര്‍വ്വതി അടുത്തിടെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.