'നൊ ടു തൃശൂര്‍ പൂരം' എന്ന ഹാഷ് ടാഗോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ആയാണ് പാര്‍വ്വതി വിഷയത്തില്‍ തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്
കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ച് നടി പാര്‍വ്വതി തിരുവോത്ത്. 'നൊ ടു തൃശൂര്‍ പൂരം' എന്ന ഹാഷ് ടാഗോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ആയാണ് പാര്‍വ്വതി വിഷയത്തില്‍ തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
തൃശൂര്‍ പൂരത്തിന് കൂടുന്ന പുരുഷാരത്തിലെ ലിംഗ അസമത്വത്തെക്കുറിച്ചും കൊവിഡ്‍കാലത്ത് അതു നടത്താനുള്ള ആലോചനയെ വിമര്‍ശിച്ചുമുള്ള മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പം പാര്‍വ്വതി കുറിച്ചിരിക്കുന്നത് ഇങ്ങനെ- "ഇവിടെ ശരിക്കും ഉപയോഗിക്കേണ്ട ഭാഷ ഉപയോഗിക്കാതിരിക്കുന്നതില്‍ നല്ല പ്രയാസമുണ്ട്. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടാവും. ഉള്ളില്‍ അല്‍പ്പം മനുഷ്യത്വം കണ്ടെത്തുക", പാര്‍വ്വതി കുറിച്ചു. പൂരം നടത്തരുതെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറിക്ക് മറ്റൊരാള്‍ അയച്ച കത്തിന്‍റെ സ്ക്രീന്‍ ഷോട്ടും പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ചേര്‍ത്തിട്ടുണ്ട്.

അതേസമയം ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം കർശനനിയന്ത്രണങ്ങളോടെ നടത്താനാണ് ഔദ്യോഗിക തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നും കാണികൾ വേണ്ടെന്നുമാണ് തീരുമാനം. ഈ വർഷം പൂരം ചമയപ്രദർശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകൽപ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം.
