ചിത്രത്തിന്‍റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിന്‍റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തത്.

ALSO READ : വൈശാഖിന്‍റെ ഉണ്ണി മുകുന്ദന്‍ ചിത്രം; വന്‍ പ്രഖ്യാപനം നാളെ

തിരുവോണ നാളായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്. ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മാണം. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

Pathonpatham Noottandu - Behind The Scenes | Vinayan | Siju Wilson | Chemban Vinod | Gokulam Gopalan