Asianet News MalayalamAsianet News Malayalam

വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്' അഞ്ച് ഭാഷകളില്‍ ഒരേ ദിവസം

 വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രം

Pathonpatham Noottandu movie release in five languages on same day vinayan siju wilson
Author
First Published Aug 31, 2022, 3:38 PM IST

മലയാളത്തില്‍ നിന്നുള്ള ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്‍തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ ,സിജു അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ്. സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി. ഇന്ത്യയ്ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് വിനയന്‍ അറിയിച്ചു.

പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. നേരത്തെ മെറ്റാവേഴ്സിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.

ALSO READ : ഓട്ടോറിക്ഷയില്‍ വിക്രത്തിന്‍റെ അപ്രതീക്ഷിത എന്‍ട്രി; 'കോബ്ര' കാണാന്‍ പുലര്‍ച്ചെ ആരാധകര്‍ക്കൊപ്പം

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടുവെന്ന് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios