Patriot movie starring Mammootty and Mohanlal day 1 worldwide collection. ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.
മലയാളത്തിൽ വമ്പൻ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ 'പേട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു പേട്രിയറ്റ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. 29.1 കോടി രൂപയാണ് ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിന കളക്ഷനിൽ 69 കോടി നേട്ടമുണ്ടാക്കിയ എമ്പുരാന്റെ കളക്ഷനെ മറികടന്നില്ലെങ്കിലും വരും ദിവസങ്ങളിൽ ചിത്രം ആഗോള തലത്തിൽ നൂറ് കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.


