സൂജിത്ത് സംവിധാനം ചെയ്യുന്ന പവൻ കല്യാൺ ചിത്രം ഒജിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 

ഹൈദരാബാദ്: പ്രഭാസ് നായകനായ 'സാഹോ'യിലൂടെ പേരുകേട്ട സംവിധായകനാണ് സൂജീത്. നടൻ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയ 'സാഹോ'യ്‍ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രവുമായി സുജീത് എത്തുകയാണ്. പവൻ കല്യാണ്‍ നായകനാകുന്ന ആ ചിത്രത്തിന് 'ഒജി' എന്നാണ് പേര്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 

രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ഒടുവിലാണ് ഞായറാഴ്ച ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. 

ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ഓടെ പുറത്തിറങ്ങും. നവരാത്രി സീസണ്‍ ലക്ഷ്യമാക്കിയാണ് ഈ റിലീസ് ഡേറ്റ് എന്നാണ് സൂചന. അതേ സമയം പവന്‍ കല്ല്യാണിന്‍റെ മറ്റൊരു പടമായ ഹരി ഹര വീര മല്ലു വരുന്ന ജൂണ്‍ 16ന് തീയറ്ററുകളില്‍ എത്താന്‍ ഇരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട തീയറ്റര്‍ സമരം ചിത്രത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു, പ്രിയങ്ക മോഹൻ നായികയായി എത്തുന്നു. ചിത്രത്തിന്‍റെ പ്രഖ്യാപന പോസ്റ്റ് വന്‍ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നേടിയിരുന്നത്. 

അതേ സമയം രവി കെ ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ഇതില്‍ ടൈറ്റില്‍ വേഷത്തില്‍ 'ഒജാസ് ഗംഭീര' എന്ന 'ഒജിയായി' പവൻ കല്യാണ്‍ പ്രിയങ്കയ്ക്കും ഇമ്രാന്‍ ഹാഷ്മിക്കും പുറമേ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും അഭിനയിക്കുന്നുണ്ട്. 

ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഹരീഷ് പൈയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിൻ മണിയും.