മുംബൈ: സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ ചേർന്നു. മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ പാർട്ടി തലവനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് പായൽ ഘോഷിനെ തിരഞ്ഞെടുത്തത്. 

പാർട്ടിയിൽ അം​ഗമായതിന് പായൽ ഘോഷിനെ അത്തേവാല സ്വാ​ഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. പായലും കൂടെയുള്ളവരും എത്തിയതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടതായി അത്തേവാല പറഞ്ഞു. അനുരാഗ് കശ്യപിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

2013ൽ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പായൽ ഘോഷിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഒരു സത്യവും ഇല്ലെന്നുമായിരുന്നു അനുരാഗ്  പ്രതികരിച്ചത്.