പീക്കി ബ്ലൈൻഡേഴ്സ് സീരിസിലൂടെ ശ്രദ്ധേയായ ബ്രിട്ടീഷ് നടി ഹെലന്‍ മാക്രോണി അന്തരിച്ചു. 52 കാരിയായ ഇവര്‍ കുറച്ചുകാലമായി ക്യാന്‍സറിനോട് പൊരുതി വരുകയായിരുന്നു. 

ലണ്ടന്‍: ലോകമെങ്ങും ആരാധകരുള്ള പീക്കി ബ്ലൈൻഡേഴ്സ് സീരിസിലൂടെ ശ്രദ്ധേയായ ബ്രിട്ടീഷ് നടി ഹെലന്‍ മാക്രോണി അന്തരിച്ചു. 52 കാരിയായ ഇവര്‍ കുറച്ചുകാലമായി ക്യാന്‍സറിനോട് പൊരുതി വരുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഡാമിയന്‍ ലൂയിസാണ് ട്വിറ്ററിലൂടെ ഹെലന്‍റെ വിയോഗം ലോകത്തെ അറിയിച്ചത്.

നടന്‍ കൂടിയായ ഡാമിയന്‍ ലൂയിസ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു - ഹൃദയ വേദനയോടെ അറിയിക്കുന്നു ക്യാന്‍സറിനോട് ജേതാവിനെപ്പോലെ പോരാടി, സുന്ദരിയും ശക്തയുമായ ഹെലന്‍ മാക്രോണി സ്വവസതിയില്‍ വച്ച് സമാധാനമായി മരണത്തിന് കീഴടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും അടുത്തുണ്ടായിരുന്നു. 2007ലാണ് നടനായ ഡാമിയന്‍ ലൂയിസിനെ ഹെലന്‍ വിവാഹം കഴിച്ചത്

ബ്രിട്ടനിലെ ഏറ്റവും ആദരവ് പിടിച്ചുപറ്റിയ നടിയായിരുന്നു ഹെലന്‍. ഹാരിപോര്‍ട്ടര്‍ അടക്കമുള്ള സിനിമകളില്‍ ഇവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അവസാന കാലത്ത് ക്യാന്‍സര്‍ ബാധിതയായി ചികില്‍സയില്‍ കഴിയുമ്പോള്‍ തന്നെയാണ് ഇവര്‍ പീക്കി ബ്ലൈൻഡേഴ്സില്‍ അടക്കം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തത്. 

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബ്രിട്ടനില്‍ കുപ്രസിദ്ധി നേടിയ 'ഷാല്‍വി' കുടുംബത്തിന്‍റെ കഥ പറയുന്ന സീരിസാണ് പീക്കി ബ്ലൈൻഡേഴ്സ്. ഇതില്‍ ഈ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയായ 'പോളി'യുടെ വേഷമാണ് ഹെലന്‍ ചെയ്തിരുന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. 

ഹാരിപോര്‍ട്ടര്‍ രചിതാവ് ജെകെ റൗളിംഗ് അടക്കം സിനിമ സാംസ്കാരിക മേഖലയിലെ നിരവധിപ്പേരാണ് ഹെലന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നത്.