നാളെ കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്
കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. നാളെ കാറുമായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരാജിനെതിരെ കേസെടുത്തത്.
ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ, 'പല പൂജാരികളെ സമീപിച്ചു, ആരും തയ്യാറായില്ല'
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ താരത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ട്. ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തിയെന്നാരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാക്കനാട് സൈബർ സൈബർ ക്രൈം പൊലീസ് ആണ് നടന്‍റെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളിൽ നിന്നും അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. സംഭവത്തിൽ മൊബൈൽ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
