സെന്ന ഹെഗ്ഡെയുടെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
'തിങ്കളാഴ്‍ച നിശ്ചയം' എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കിയ രണ്ടാമത്തെ മലയാള സിനിമയായ '1744 വൈറ്റ് ആൾട്ടോ' നവംബർ 18ന് തിയറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിൽ ഒരു പുതു പരീക്ഷണമെന്നാണ് നിരൂപകരും പ്രേക്ഷകരും ചിത്രത്തെ വാഴ്ത്തുന്നത്. 1744 വൈറ്റ് ഓൾട്ടോ റിലീസ് ചെയ്യുന്നതിന് മുന്നേ റിവ്യു യുട്യൂബില്‍ പോസ്റ്റ് ചെയ്‍തയാള്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളും വരുന്നു.
കേരളമെങ്ങും 170-ലേറെ തിയേറ്ററുകളിൽ റിലീസ് ചെയ്‍ത സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂറിന് മുൻപേ തന്നെ യു ട്യൂബിൽ റിവ്യൂ ഇട്ടയാൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവര്‍ ചേര്‍ന്ന് സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഫെഫ്‍കെയിലും നിര്‍മ്മാതാക്കള്‍ പരാതി നൽകിയിട്ടുണ്ട്. 1744 വൈറ്റ് ഓൾട്ടോ'യുടെ റിലീസ് ദിനത്തിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമയ്‍ക്കെതിരെ ഈ ആസൂത്രിതമായ നീക്കം.
ഗാഡി മാഫിയ എന്ന യൂട്യൂബ് ചാനലിലാണ് '1744 വൈറ്റ് ഓള്‍ട്ടോ' സിനിമാ റിവ്യൂ എന്ന പേരിൽ വീഡിയോ നവംബർ 18ന് രാവിലെ പത്ത് മണിക്ക് മുമ്പ് പങ്കുവെയ്ക്കുകയുണ്ടായത്. കേവലം 300 സബ്സ്ക്രൈബേഴ്‍സ് മാത്രമുള്ള ഈ ചാനലിന് പിന്നിൽ ആരെല്ലാമുണ്ടെന്ന് ഉടൻ കണ്ടെത്തുവാൻ കഴിയുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞ ദിവസം രാവിലെ തിയേറ്ററുകളിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ താൻ ഈ സിനിമ കണ്ടെന്നും അതിന്‍റെ വെളിച്ചത്തിലാണ് റിവ്യൂ ചെയ്യുന്നതെന്നുമൊക്കെ സിനിമയെ കുറിച്ച് ആധികാരകമായും മറ്റും സംസാരിച്ചുകൊണ്ടാണ് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ഒരാൾ വന്ന് പറയുന്നത്. ചാനലിന്‍റെ കമന്‍റ് സെക്ഷൻ ഓഫ് ചെയ്‍തിരിക്കുകയുമാണ്.
ഷറഫുദ്ദീൻ പോലീസ് കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രമാണ് '1744 വൈറ്റ് ആൾട്ടോ'. ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങി ഒട്ടനവധി താരങ്ങളുമുണ്ട്. കബിനി ഫിലിംസിന്‍റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് സിനിമ വിതരണം ചെയ്യുന്നത്.
